റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നട്ടെല്ലുള്ളൊരു വ്യക്തിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ സ്വതന്ത്ര സ്ഥാപനങ്ങളുടെ പരമാധികാരവും നിയന്ത്രണവും കെെക്കലാക്കി അവയെ നശിപ്പിക്കാനാണ് മോദി ഗവണ്‍മെന്റ് ശ്രമിക്കുന്നത്.

Update: 2018-11-19 13:32 GMT
Advertising

ഇന്ത്യയുടെ പരമോന്നത ബാങ്കായ റിസര്‍വ് ബാങ്കിന്റെ മേധാവിക്ക് നട്ടെല്ലുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ആര്‍.ബി.ഐയുടെ ബോര്‍ഡ് മീറ്റിങ് ഇന്ന് സമ്മേളിച്ചതിനിടെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാറും ആര്‍.ബി.ഐയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതായുള്ള പ്രചരണങ്ങള്‍ക്കിടെയാണ്, ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ തന്റേടത്തോടെ തീരുമാനങ്ങള്‍ എടുക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി രം​ഗത്തെത്തിയത്.

ആര്‍.ബി.ഐക്കുമേല്‍ അധികാരം സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മുമ്പ് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് ഇപ്പോള്‍ കേള്‍ക്കുന്നത്. രാജ്യത്തെ സ്വതന്ത്ര സ്ഥാപനങ്ങളുടെ പരമാധികാരവും നിയന്ത്രണവും കെെക്കലാക്കി അവയെ നശിപ്പിക്കാനാണ് മോദി ഗവണ്‍മെന്റ് ശ്രമിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ധനശേഖരത്തില്‍ നിന്ന് മുന്നിലൊരു ഭാഗം സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ സ്ഥാനം എവിടെയാണെന്നും, പ്രധാനമന്ത്രിയുടെ ചുമതലകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി കൊടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി എത്രത്തോളം പരിതാപകരമാണെന്നതിന് തെളിവാണ് നിലവിലെ ഉള്‍പോര് മനസ്സിലാക്കി തരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍.ബി.ഐ ഗവര്‍ണറെ തല്‍സ്ഥാനത്ത് നിന്നും മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്. വിയോജിപ്പികളുടെ പേരില്‍ റിസര്‍വ് ബാങ്കിന്റെ മേധാവി രാജി വെക്കുകയോ, അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്താല്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്‌ലി പറഞ്ഞു. സാമ്പത്തിക രംഗത്ത് ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ഇത് വഴി വെക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News