സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു, മധ്യപ്രദേശില്‍ വ്യാപം അഴിമതി ആക്ടിവിസ്റ്റ് കോണ്‍ഗ്രസിനെതിരെ പ്രചാരണത്തില്‍
ആനന്ദ് റായിക്ക് നല്‍കാമെന്നേറ്റ ഇന്‍ഡോറിലെ അഞ്ചാം നമ്പര്‍ സീറ്റ് അവസാന നിമിഷമാണ് കോണ്‍ഗ്രസ് നിഷേധിച്ചത്. അതേസമയം ബി.ജെ.പി കാലത്തെ എല്ലാ അഴിമതി വീരന്‍മാരെയും കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തിയിട്ടുമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വഞ്ചിച്ച വ്യാപം അഴിമതി ആക്ടിവിസ്റ്റ് ഡോ. ആനന്ദ് റായി രാഹുല്‍ഗാന്ധിക്കെതിരെ പ്രചാരണത്തില്‍. രാഹുല്‍ ടിക്കറ്റ് ഉറപ്പു നല്‍കിയതു കൊണ്ട് സര്‍ക്കാര്‍ സവ്വീസില്‍ നിന്നും രാജിവെച്ചാണ് മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ റായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ മധ്യപ്രദേശ് നേതാക്കളുടെ പിടിവാശി മൂലമാണ് റായിക്ക് ഇന്‍ഡോര്‍ 5ലെ സീറ്റ് നഷ്ടമായതെന്നാണ് സൂചന.
മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ വ്യാപം അഴിമതിക്കേസ് പുറത്തു കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ ഒരാളാണ് ഡോക്ടര്‍ ആനന്ദ് റായി. മത്സര പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കുന്ന റാക്കറ്റ് ബി.ജെ.പി സര്‍ക്കാറിന്റെ ഒത്താശയോടെ വര്‍ഷങ്ങളായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു റായിയും സുഹൃത്തുക്കളും കണ്ടെത്തിയത്.
മുഖ്യമന്ത്രിയും ഗവര്‍ണറും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമൊക്കെ കോടികള്‍ കൊയ്ത ഈ റാക്കറ്റിന്റെ ഭാഗമാണെന്നും ആരോപണമുയര്‍ന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി പന്താടിയ ഈ അഴിമതിയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നില്ല. ആനന്ദ് റായിക്ക് നല്‍കാമെന്നേറ്റ ഇന്‍ഡോറിലെ അഞ്ചാം നമ്പര്‍ സീറ്റ് അവസാന നിമിഷമാണ് കോണ്‍ഗ്രസ് നിഷേധിച്ചത്. അതേസമയം വ്യാപം അഴിമതി കേസില്‍ കുറ്റാരോപിതനായ ഫുന്ദേലാല്‍ മാര്‍ക്കോവിന് പുഷ്പരാജ്ഗഞ്ചിലെ സീറ്റ് നല്‍കിയതുള്‍പ്പടെ ബി.ജെ.പി കാലത്തെ എല്ലാ അഴിമതി വീരന്‍മാരെയും കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തിയിട്ടുമുണ്ട്.
കേസില്‍ നിയമസഭയില്‍ ശക്തമായി ഇടപെട്ട സ്വതന്ത്ര എം.എല്‍.എ ഭരത് സക്‌ലേജയെ പോലുള്ളവരെ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറായമില്ല. എന്നാല്‍ വ്യാപം കേസില്‍ ഉള്‍പ്പെട്ട പങ്കജ് സിംഗ് സക്‌സേന, ഗുലാബ് സിംഗ് കിരാര്‍, പങ്കജ് സാംഗ്‌വി, ഫുന്ദേലാല്‍ മാര്‍ക്കോ തുടങ്ങിയവരെയൊക്കെ കോണ്‍ഗ്രസ് മടിയിലിരുത്തി നാടു ചുറ്റുകയാണ്.
ഇന്‍ഹോറിലെയും പരിസര പ്രദേശങ്ങളിലെയും സീറ്റുകളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ റായി ഇപ്പോള്‍ പ്രചാരണത്തിലാണ്. ഇതിനായി ആദിവാസി യുവാക്കളുടെ സംഘടനയായ ജയ്‌സുമായി ചേര്‍ന്ന് ഇന്‍ഡോര്‍, ഖാണ്ട്‌വ, കര്‍ഗാംവ്, ഡാര്‍ ജില്ലകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കായി റായി പ്രചാരണ രംഗത്തുണ്ട്. കോണ്‍ഗ്രസിന് ഇക്കുറി 110 സീറ്റുകളില്‍ അധികം ലഭിക്കില്ലെന്നാണ് റായ് പറയുന്നത്.
ഭരണ വിരുദ്ധ വോട്ടുകള്‍ ഇത്തവണ ചിതറും. നാലോ അഞ്ചോ സീറ്റുകളുടെ വ്യത്യാസത്തിലാണ് ഭരണം തീരുമാനിക്കപ്പെടുക. കോണ്‍ഗ്രസിന് ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല.