30 സെക്കന്റിൽ കോവിഡ് പരിശോധനാഫലം: കൈകോർത്ത് ഇന്ത്യയും ഇസ്രായേലും

നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേ​ഗ ടെസ്റ്റ് ആണ് ലക്ഷ്യം.

Update: 2020-07-24 06:01 GMT
Advertising

30 സെക്കന്റ് കൊണ്ട് കോവിഡ് രോ​ഗനിർണയം സാധ്യമാക്കാൻ കൈകോർത്ത് ഇന്ത്യയും ഇസ്രായേലും. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായത്തോടെയുള്ള അതിവേ​ഗ ടെസ്റ്റ് ആണ് ലക്ഷ്യം. പരീക്ഷണം വിജയിച്ചാൽ ഇന്ത്യയിൽ വൻതോതിൽ ഉത്പാദിപ്പിച്ച് ഇന്ത്യയും ഇസ്രായേലും സംയുക്ത സഹകരണത്തിൽ ആ​ഗോളതലത്തിൽ വിതരണം ചെയ്യും.

ഇസ്രായേൽ പ്രതിരോധ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദ​ഗ്ധരുടെയും സംഘം അടുത്ത ആഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം ചേർന്നാണ് പ്രവർത്തിക്കുക. രണ്ടാഴ്ച സംയുക്ത ​ഗവേഷണം നടത്താനാണ് തീരുമാനം. വോയ്സ് ടെസ്റ്റ്, ബ്രെത്തലൈസർ ടെസ്റ്റ്, ഐസോതെർമൽ ടെസ്റ്റ് എന്നിവയാണ് ഇന്ത്യയിൽ നടത്തുകയെന്ന് ഇസ്രായേൽ പ്രതിരോധ ​ഗവേഷണ വിഭാ​ഗം തലവൻ ഡാനി ​ഗോൾഡ് പറഞ്ഞു. കോവിഡിനെ നേരിടാൻ ഇസ്രായേൽ സാങ്കേതികവിദ്യയും ഇന്ത്യയുടെ ഉത്പാദന ശേഷിയും ഉപയോ​ഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ലക്ഷണങ്ങളുള്ളവരുടെ ശബ്ദം റെക്കോർഡ് ചെയ്ത് നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യുന്നതാണ് വോയ്സ് ടെസ്റ്റ്. പ്രത്യേക കിറ്റിലേക്ക് ഊതിപ്പിച്ച് ടെറാ ഹെർട്സ് തരം​ഗങ്ങളുടെ സഹായത്തോടെ കൊറോണ വൈറസിനെ കണ്ടെത്തുന്നതാണ് ബ്രെത്തലൈസർ. ഉമിനീരിൽ നിന്നും വൈറസ് സാന്നിധ്യം തിരിച്ചറിയാൻ ഐസോതെർമൽ ടെസ്റ്റിലൂടെ സാധിക്കും. താരതമ്യേന ചെലവ് കുറഞ്ഞ മാർ​ഗമാണിത്. സാമ്പിൾ 60 ഡി​ഗ്രി സെൽഷ്യസിൽ ചൂടാക്കിയാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക. വീടുകളിൽ സ്വയം വൈറസ് നിർണയം സാധ്യമാകും വിധത്തിലാണ് ഈ കിറ്റ് വികസിപ്പിക്കുക. ആരോ​ഗ്യപ്രവർത്തകരും കോവിഡ് രോ​ഗികളും തമ്മിലുള്ള സമ്പർക്കം പരമാവധി കുറച്ച് സമ്പർക്കത്തിലൂടെയുള്ള രോ​ഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യം.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മൂന്ന് തവണ മോദിയും നെതന്യാഹുവും ചർച്ച നടത്തിയെന്നും മഹാമാരിയെ നേരിടുന്ന കാര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചെന്നും ഇസ്രായേൽ എംബസി അറിയിച്ചു. ഇന്ത്യയെ സഹായിക്കാൻ വെന്റിലേറ്ററുകൾ അയക്കുമെന്നും ഇസ്രായേൽ അറിയിച്ചു

Tags:    

Similar News