വാക്സിന്‍ ക്ഷാമം; രാജ്യത്തിനു പുറത്ത് കോവാക്സിന്‍ ഉത്പാദന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നീക്കം
ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടാനും നീക്കമുണ്ട്.
കോവിഡ് വാക്സിന്‍ ഉത്പാദനം അടിയന്തരമായി വര്‍ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ രാജ്യത്തിനു പുറത്തും ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. ഇതിനായി ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെടാനും നീക്കമുണ്ട്.
മറ്റു നിര്‍മാതാക്കള്‍ക്ക് സാങ്കേതികവിദ്യയും ലൈസന്‍സും കൈമാറി അവരെക്കൊണ്ട് രാജ്യത്തുതന്നെ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്. മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയവരുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം.
വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച പരാതികള്‍ പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വാക്‌സിന്‍റെയും മരുന്നുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റി മെയ് 18 ന് ചേര്‍ന്ന മന്ത്രിതല സമിതി യോഗം ചര്‍ച്ച ചെയ്തിരുന്നു.
വിവിധ ലൈസന്‍സുകള്‍ അനുവദിക്കുന്നതടക്കം യോഗം പരിശോധിച്ചതാണ്. ഇതിനു പിന്നാലെ കോവിഷീല്‍ഡ് വാക്‌സിന്‍റെ നിര്‍മാതാക്കളായ ആസ്ട്രസെനകയുമായി, ഇന്ത്യയ്ക്ക് കൂടുതല്‍ വോളണ്ടറി ലൈസന്‍സുകള്‍ അനുവദിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമിതി ചുമതലപ്പെടുത്തിയിരുന്നു. കോവിഷീല്‍ഡ് വാക്‌സിന്‍റെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായിരുന്നു.
ഫൈസര്‍ അടക്കമുള്ളവയുമായി ചര്‍ച്ചകള്‍ നടത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറമെ മറ്റുമന്ത്രാലയങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരാറുകള്‍ വിദേശകാര്യ മന്ത്രാലയവും നീതി ആയോഗും നിയമ മന്ത്രാലയ സെക്രട്ടറിയും ചേര്‍ന്ന് തയ്യാറാക്കും.