കര്‍ഫ്യൂ ലംഘിച്ച് റോഡില്‍ രാത്രി നൃത്തം; യുവതിക്കെതിരെ കേസ്
വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ അധികൃതരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു
കോവിഡ് നിയമലംഘനത്തിന്‍റെ പേരില്‍ ഗുജറാത്തിലെ രാജ്കോട്ടില്‍ യുവതിക്കെതിരെ കേസെടത്തു. രാത്രി കര്‍ഫ്യൂ നിലനിന്ന രാജ്കോട്ടില്‍ റോഡിലിറങ്ങി നൃത്തം ചെയ്തതിനാണ് കേസെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ അധികൃതരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
ഇവന്‍റ് മാനേജുമെന്‍റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന പ്രിഷ റാത്തോഡ് എന്ന യുവതിയാണ്(25) കര്‍ഫ്യൂ പ്രഖ്യാപിച്ച സ്ഥലത്ത് രാത്രി ഡാന്‍സ് ചെയ്തത്. ഏപ്രില്‍ 12ന് രാത്രി 11 മണിക്ക് മഹിളാ കോളേജ് അണ്ടര്‍പാസില്‍വെച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്. തുടര്‍ന്ന് അത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്ന മേഖലയില്‍ യുവതി ഇത്തരത്തില്‍ റോഡിലിറങ്ങി നൃത്തം ചെയ്തത് വ്യാപക വിമര്‍ശനത്തിനിടയാക്കി.
സംഭവത്തില്‍ മാപ്പ് ചോദിക്കുന്നതായി യുവതി പറഞ്ഞു. തെറ്റ് മനസിലായപ്പോള്‍ തന്നെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഒഴിവാക്കിയിരുന്നു. മറ്റു ചിലരാണ് വീഡിയോ വൈറലാക്കിയത്. ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും യുവതി പറഞ്ഞു.