'തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ മനസിലാക്കൂ, നിങ്ങൾ തെറ്റാണ് ചെയുന്നതെന്ന്..' ഇസ്രായേലിനെതിരെ സ്വര ഭാസ്കർ

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Update: 2021-05-12 02:44 GMT
Advertising

ഫലസ്​തീനികൾക്കെതിരായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും അതിനെ പിന്തുണച്ചെത്തിയ ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് നടിയും ആക്ടിവിസ്​റ്റുമായ സ്വര ഭാസ്​കർ.

ഇന്ത്യയിലെ വലതുപക്ഷ ഗ്രൂപ്പുകൾ ഇസ്രായേലിനൊപ്പമാണെങ്കില്‍ തീര്‍ച്ചയായും ഇസ്രായേൽ എന്തോ വലിയ തെറ്റു ചെയ്യുന്നുണ്ടെന്ന് തന്നെയാണ് അർത്ഥമെന്ന് സ്വര ട്വീറ്റ് ചെയ്തു.

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബോളിവുഡ് താരത്തിന്റെ വിമർശനം.

'പ്രിയപ്പെട്ട ഇസ്രായേല്‍... ഇന്ത്യയിലെ തീവ്ര വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ മനസിലാക്കിക്കൊള്ളൂ, തെറ്റ് തന്നെയാണ് നിങ്ങൾ ചെയ്യുന്നതെന്ന്, വലിയ തെറ്റ്...' സ്വര ട്വീറ്റ് ചെയ്തു

തിങ്കളാഴ്ച രാത്രി ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പത്ത് കുട്ടികളുൾപ്പെടെ 28 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ചയും ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. ഇന്നലെ രാവിലെ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു . അതേസമയം ഗാസയിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

ഫലസ്തീനികൾക്ക് നേരെ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ഇസ്രായേൽ സേന കിഴക്കൻ ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ നിന്നും പിന്മാറണമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷമാണ് ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News