ബിജെപി പ്രവർത്തകർ കൂട്ടബലാത്സംഗത്തിനിരയായതായി ഇന്ത്യ ടുഡേ എഡിറ്ററുടെ വ്യാജവാർത്ത; കയ്യോടെ പിടികൂടി ബംഗാൾ പോലീസ്
ഹാല്‍ഡറുടെ ട്വിറ്റര്‍ സന്ദേശം വ്യാജമാണെന്ന് പശ്ചിമ ബംഗാൾ പോലീസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നേരിട്ട് പങ്കുവച്ചു
ബംഗാളിലെ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഘർഷങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച് ഇന്ത്യ ടുഡേ എക്‌സിക്യൂട്ടീവ് എഡിറ്റർ ദീപ് ഹാൽഡർ. ബംഗാൾ പോലീസാണ് ഹാൽഡറുടെ ട്വീറ്റ് വ്യാജമാണെന്ന് കയ്യോടെ പിടികൂടിയത്.
ബീർഭൂമിൽ ബിജെപി തെരഞ്ഞെടുപ്പ് ഏജന്റുമാർ കൂട്ട ബലാത്സംഗത്തിനിരയായി എന്നായിരുന്നു ദീപ് ഹാൽഡറുടെ ട്വീറ്റ്. നിരവധി സ്ത്രീകൾ പീഡനത്തിനിരയായതായി ബംഗാൾ ബിജെപിയെ ഉദ്ധരിച്ചായിരുന്നു മുതിര്‍ന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഹാല്‍ഡര്‍ ട്വീറ്റ് ചെയ്തത്.
ബിജെപി ട്വിറ്റർ ഹാൻഡിലുകൾ ഹാൽഡറുടെ ട്വീറ്റ് ഏറ്റുപിടിച്ചതോടെ വാർത്ത തെറ്റാണെന്നു പറഞ്ഞ് ബംഗാൾ പോലീസ് നേരിട്ട് രംഗത്തെത്തി. ഹാല്‍ഡറുടെ ട്വിറ്റര്‍ സന്ദേശം വ്യാജമാണെന്ന് പശ്ചിമ ബംഗാൾ പോലീസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നേരിട്ട് പങ്കുവയ്ക്കുകയും ചെയ്തു.
#FakeNewsAlert pic.twitter.com/gSAYkNPGb2
— West Bengal Police (@WBPolice) May 4, 2021
പിന്നാലെ ഹാൽഡർ ട്വീറ്റ് മുക്കി തടിതപ്പി. ബീർഭൂം ജില്ലാ പോലീസ് സൂപ്രണ്ട് നാഗേന്ദ്ര തൃപാഠി വാർത്ത വ്യാജമാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നുവെന്നാണ് ഹാൽഡർ പറഞ്ഞത്.
ഹാൽഡറുടെ ട്വീറ്റിനെതിരെ വൻ വിമർശനമുയർന്നിട്ടുണ്ട്. ഇനിയും ഇത്തരം പണിയെടുക്കരുതെന്നാണ് തൃണമൂൽ കോൺഗ്ര് എംപി ഡെറെക് ഒബ്രിയൻ പ്രതികരിച്ചത്. ഹാൽഡറിന്റെ പുസ്തകം പ്രസിദ്ധീകരിച്ച ഹാർപർ കോളിൻസിനും ജോലി ചെയ്യുന്ന സ്ഥാപനമായ ഇന്ത്യ ടുഡേയ്ക്കും അപമാനമാണ് ഇതെന്നും ഒബ്രിയൻ ട്വീറ്റ് ചെയ്തു.