മൻസൂർ വധം: ഒരു സിപിഎം പ്രവർത്തകൻ കൂടി പിടിയില്‍

കടവത്തൂർ മുണ്ടത്തോട് സ്വദേശി പ്രശോഭാണ് കസ്റ്റഡിയിലായത്

Update: 2021-04-27 06:23 GMT
Editor : Shaheer | By : Web Desk
Advertising

പാനൂരിലെ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി കസ്റ്റഡിയിൽ. സിപിഎം പ്രവർത്തകനായ കടവത്തൂർ മുണ്ടത്തോട് സ്വദേശി പ്രശോഭാണ് പിടിയിലായത്.

പ്രശോഭാണ് മൻസൂറിനെ കൊല്ലാനുള്ള ബോംബ് നിർമിച്ചുനൽകിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു.

അതിനിടെ കേസിലെ പത്താംപ്രതിയും സിപിഎം നേതാവുമാായ പിപി ജാബിറിന്റെ വീടിന് അജ്ഞാതർ തീവച്ചു. വീട്ടിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറും രണ്ട് ബൈക്കുകളും പൂർണമായും കത്തിനശിച്ചു. ചൊക്ലി പോലീസും ഫയർഫോഴ്‌സും എത്തിയാണ് തീയണച്ചത്. രാത്രി ഒന്നരമണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ പിൻഭാഗം കത്തിനശിച്ചിട്ടുണ്ട്. വലിയ സ്ഫോടനത്തോടെയാണ് തീപടർന്നുപിടിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് പ്രദേശമെന്നും ലീഗുകാരാണ് തീയിട്ടതെന്നും സിപിഎം ആരോപിച്ചു.

മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയാണ് സിപിഎം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായ ജാബിർ. ജാബിറിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇയാളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്നും ലീഗ് നേതൃത്വം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നത്.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നേരത്തെ ഒതയോത്ത് സംഗീത്, ഒതയോത്ത് വിപിൻ എന്നിവർ അറസ്റ്റിലായിരുന്നു. അഞ്ചാം പ്രതി സുഹൈൽ പോലീസിൽ കീഴടങ്ങുകയും മറ്റൊരു പ്രതി രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. പിപി ജാബിർ, സിപിഎം പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ അനൂപ്, പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി മെമ്പർ നാസർ, ഇബ്രാഹീം എന്നിവരും ഇപ്പോഴും ഒളിവിലാണ്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News