"പി.എം കെയര്‍ ഫണ്ടില്‍ നിന്ന് വാങ്ങിയ വെന്റിലേറ്ററും പ്രധാനമന്ത്രിയും ഒരുപോലെ, രണ്ടും പ്രവര്‍ത്തിക്കുന്നില്ല"

രണ്ടിനും ആകെയുള്ളത് നല്ല പി.ആര്‍ വേലകള്‍ മാത്രമാണെന്നും അടിയന്തര ഘട്ടത്തില്‍ രണ്ടും പ്രവര്‍ത്തിക്കില്ലെന്നും രാഹുല്‍ ഗാന്ധി

Update: 2021-05-17 08:24 GMT
Editor : Suhail | By : Web Desk
Advertising

പ്രധാനമന്ത്രിയും പി.എം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്‍റിലേറ്ററും ഒരുപോലെയാണെന്ന് പരിഹസിച്ച് രാഹുല്‍ ഗാന്ധി. രണ്ടിനും ആകെയുള്ളത് നല്ല പി.ആര്‍ വേലകള്‍ മാത്രമാണെന്നും അടിയന്തര ഘട്ടത്തില്‍ രണ്ടും പ്രവര്‍ത്തിക്കില്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

പഞ്ചാബിലെ ഫരീദ്‌കോട്ടിലുള്ള ആശുപത്രിയിലേക്ക് കോവിഡ് രോഗികള്‍ക്കായി പി.എം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്റര്‍ തകരാര്‍ മൂലം ഉപയോഗിക്കാതെ കിടക്കുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

പി.എം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകള്‍ക്ക് വലിയ പി.ആര്‍ പ്രചാരണമാണ് നല്‍കിയത്. എന്നാല്‍ ഒന്നും പ്രവര്‍ത്തനക്ഷമമല്ല. ഇതുപോലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെയും അവസ്ഥ. വ്യാജ പി.ആര്‍ വേലകള്‍ക്കപ്പുറം പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നില്ല, എവിടെയും കാണാനുമില്ല.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും അഗ്‍വയും വിതരണം ചെയ്ത വെന്റിലേറ്ററുകളെ പറ്റിയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വെന്റിലേറ്റര്‍ സ്ഥാപിച്ചതിന്റെയും പ്രവര്‍ത്തനക്ഷമമാണോ എന്നും ഓഡിറ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്. എന്നാല്‍, പി.എം കെയര്‍ ഫണ്ട് സി.എ.ജി ഓഡിറ്റിന് കീഴില്‍ വരുന്നതല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരിക്കെ, വെന്റിലേറ്റര്‍ സംഭവം സി.എ.ജി കൈകാര്യം ചെയ്യുമോ എന്നുള്ളത് വ്യക്തമല്ല.

കോവിഡ് പ്രതിരോധത്തില്‍ വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ച് നേരത്തയും സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. വാക്‌സിനും ഓക്‌സിജനും മിസ്സിങ്ങായത് പോലെ പ്രധാനമന്ത്രിയും രാജ്യത്ത് മിസ്സിങ്ങാണെന്ന് രാഹുല്‍ പറയുകയുണ്ടായി.

അതിനിടെ 2.81 ലക്ഷം പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നാലായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News