ചോക്‌സിയെ വിട്ടുകിട്ടിയില്ല; സിബിഐ സംഘം ഡൊമിനിക്കയിൽനിന്ന് മടങ്ങി

ഹേബിയസ് കോർപസ് ഹരജി പരിഗണിക്കുന്നത് കോടതി ജൂലൈയിലേക്ക് മാറ്റി

Update: 2021-06-04 10:02 GMT
Editor : Shaheer | By : Web Desk
Advertising

മെഹുൽ ചോക്‌സിയെ ഡൊമിനിക്കയിൽനിന്ന് നാട്ടിലെത്തിക്കാനായി തിരിച്ച സിബിഐ സംഘം ദൗത്യം പൂർത്തീകരിക്കാനാകാതെ മടങ്ങി. പിഎൻബി വായ്പാ തട്ടിപ്പുകേസിൽ പിടികിട്ടാപുള്ളിയായ വജ്രവ്യാപാരിയെ ഇന്ത്യയിലെത്തിക്കാനായി തിരിച്ച 'മിഷൻ ചോക്‌സി' ടീമാണ് നിരാശയോടെ നാട്ടിലേക്ക് തിരിച്ചുകയറിയിരിക്കുന്നത്.

ചോക്‌സിയുടെ ഹേബിയസ് കോർപസ് കേസ് ഡൊമിനിക്കൻ ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തെ രാജ്യത്തുനിന്ന് മറ്റാർക്കു കൈമാറുന്നതും കോടതി വിലക്കിയിട്ടുണ്ട്. ഇതോടെയാണ് സംഘത്തിനു മടങ്ങേണ്ടിവന്നത്.

സിബിഐ ബാങ്ക് സുരക്ഷാ, തട്ടിപ്പ് വിഭാഗം മേധാവി ശാരദ റാവത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ചോക്‌സിയെ നാട്ടിലെത്തിക്കാനായി ഡൊമിനിക്കയിലേക്ക് അയച്ചിരിക്കുന്നത്. സംഘത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥരുമുണ്ട്. ചോക്‌സിയെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾ കോടതി പൂർത്തീകരിക്കുന്ന മുറയ്ക്ക് ഇദ്ദേഹത്തെ ഡൊമിനിക്കൻ അധികൃതരിൽനിന്ന് ഏറ്റുവാങ്ങാനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതിനായി ഒരാഴ്ചയിലേറെയായി ഇവർ ദ്വീപരാജ്യത്തുണ്ട്. എന്നാൽ, നടപടിക്രമങ്ങൾ ഒരു മാസത്തിലേറെ നീളുന്ന പശ്ചാത്തലത്തിൽ ഖത്തർ എയർവേസിന്റെ ചെറുവിമാനത്തിൽ സംഘം നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഡൊമിനിക്കയിലെ മജിസ്‌ട്രേറ്റ് കോടതി ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അനധികൃതമായി രാജ്യത്തേക്ക് കടന്ന കേസിലായിരുന്നു മജിസ്‌ട്രേറ്റിന്റെ നടപടി. താൻ കുറ്റക്കാരനല്ലെന്നും ഒരു സംഘം ദ്വീപിലേക്ക് തട്ടിക്കൊണ്ടുവരികയായിരുന്നുമെന്നുമാണ് ചോക്‌സി കോടതിയിൽ വാദിച്ചത്. ആന്റിഗ്വയിൽനിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കഴിഞ്ഞ മാസം 27ന് ഡൊമിനിക്കയിൽ വച്ച് മെഹുൽ ചോക്‌സി പിടിയിലായത്. മെയ് 23 മുതൽ ചോക്‌സിയെ കാണാതായിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News