മുംബൈയിലെക്ക് നേരിട്ട് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ ആലോചനയുണ്ടെന്ന് ആദിത്യ താക്കറെ

'രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ലഭ്യമായാലേ രാജ്യം സുരക്ഷിതമാകൂ'

Update: 2021-05-11 01:22 GMT
Advertising

മഹാരാഷ്ട്രയിലേക്ക് നേരിട്ട് വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ആദിത്യ താക്കറെ. കോവിഡ് ഏറ്റവും നാശം വിതച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞാല്‍ മൂന്നാഴ്ചയ്ക്കുള്ളിൽ മുംബൈയിലെ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കഴിയുമെന്നും ആദിത്യ താക്കറെ പറഞ്ഞു.

വാക്സിന്‍ ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഒരു ഘടകമല്ല. എത്രയും വേഗം വാക്സിന്‍ സംഭരിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നോക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ഞങ്ങളും വാക്സിന്‍ കിട്ടാനായി പോരാടുകയാണ്. തുടക്കത്തില്‍ വാക്സിന്‍ സ്വീകരിക്കുന്ന കാര്യത്തിലുണ്ടായിരുന്ന മടി ഇപ്പോള്‍ ജനങ്ങള്‍ക്കില്ല. ഇപ്പോള്‍ എത്രയും പെട്ടെന്ന് വാക്സിന്‍ കിട്ടുമോ എന്നാണ് ആളുകള്‍ നോക്കുന്നത്. ഇത് വളരെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.

മുംബൈയിലെ കോവിഡ് കേസുകള്‍ അതിവേഗം കുറയുന്നുണ്ട്. ഏപ്രിൽ 14ന് 11,000ന് മുകളില്‍ ആയിരുന്നു പ്രതിദിന കോവിഡ് കേസുകളുടെ എണ്ണമെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,794 ആയി. രാജ്യത്തെ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയാലേ രാജ്യം സുരക്ഷിതമാകൂ എന്നും ആദിത്യ താക്കറെ വിശദീകരിച്ചു.

കോവിന്‍ ആപ്പ് വഴി വാക്സിന്‍ അപ്പോയിന്‍മെന്‍റ് എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മറ്റൊരു ആപ്പ് ആവശ്യമാണെന്ന കാര്യം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആദിത്യ താക്കറെ പറഞ്ഞു. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News