ഒഴിഞ്ഞു കിടക്കുന്ന ഭൂമികൾക്ക് വേലി കെട്ടണം: നിർദേശവുമായി റിയാദ് റോയൽ കമ്മീഷൻ
നഗരത്തിലെ റോഡുകളുടെ ഭംഗി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി
റിയാദ്: റിയാദിൽ ഒഴിഞ്ഞു കിടക്കുന്ന ഭൂമികൾക്ക് വേലി കെട്ടണമെന്ന നിർദേശവുമായി റോയൽ കമ്മീഷൻ. നഗരത്തിലെ റോഡുകളുടെ ഭംഗി വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഒഴിഞ്ഞു കിടക്കുന്ന ഭൂമി റോഡിന്റെ ഭംഗിക്ക് കോട്ടം വരുത്തും. ഡ്രൈവർമാരുടെ മുന്നോട്ടുള്ള കാഴ്ചകളിലും ഇത് പ്രയാസമുണ്ടാക്കും. ഇത്തരം സ്ഥലങ്ങളിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യാറുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഭൂവുടമകളോടുള്ള നിർദേശം. നേരത്തെ നടപ്പിലാക്കിയ നടപടിയുടെ മൂന്നാം ഘട്ടമാണ് സെപ്റ്റംബറിൽ തുടങ്ങുക. അബുബക്കർ അൽ സിദ്ദിഖ് റോഡ്, അനസ് ബിൻ മാലിക് റോഡ്, അൽ ഒലയ റോഡ്, പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ അവ്വൽ റോഡ്, ഇമാം സൗദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോഡ് എന്നിവിടങ്ങളിലാണ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വേലി കെട്ടുക. ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ പ്രദേശങ്ങളും വരും ഘട്ടങ്ങളിൽ വേലി കെട്ടി സംരക്ഷിക്കും. റിയാദ് നഗരത്തിൽ അഭംഗി തോന്നുന്ന റോഡുകളുടെ ദൃശ്യങ്ങൾ നഗരസഭയുടെ ആപ്പ് വഴി രേഖപ്പെടുത്താനും ജനങ്ങൾക്ക് അവസരമുണ്ട്.