പുകയില ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കാന്‍ ഖത്തര്‍ നീക്കം
യുവാക്കളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്താതിരിക്കാന്‍ അടിയന്തിര നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്.
ഖത്തറില്‍ പുകയില ഉല്‍പ്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക് എന്നിവയുടെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. യുവാക്കളെ പുകയില ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.
2018ല്‍ യുവാക്കളില്‍ പുകയില ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയും അതിലെ കണ്ടത്തെലുകളും വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവാക്കളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്താതിരിക്കാന്‍ അടിയന്തിര നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കും സോഫ്റ്റ് ഡ്രിങ്കുകളുടെയും നികുതിവര്‍ധിപ്പിക്കാന്‍ തീരുമാനമുണ്ട്.
ഇലക്ട്രോണിക് സിഗററ്റ് ഉപയോഗിക്കുന്നത് രാജ്യത്ത് നിയമപരമായി തന്നെ കുററകരമാണ്. അയല്‍ രാജ്യങ്ങളില്‍ സ്വകാര്യ ഉപയോഗത്തിനായി ചിലരെങ്കിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൊണ്ട് വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതും കൈമറ്റാം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകരമാണ്.
പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അടിപ്പെട്ടവരെ മുക്തരാക്കുന്നതിന് വേണ്ടി രാജ്യത്ത് കൂടുതല്‍ ലഹരിവിമുക്ത കേന്ദ്രങ്ങള്‍ സ്ഥാപിക്കും. യുവാക്കളെ വ്യക്തിപരമായി കണ്ടെത്തുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യാനുള്ള സംവിധാനം നടപ്പിലാക്കുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.