ഊര്‍ജ്ജ രംഗത്ത് പ്രാദേശിക കമ്പനികളുടെ വളര്‍ച്ച ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി ഖത്തര്‍
ഊര്‍ജ്ജോല്‍പാദന രംഗത്ത് പ്രാദേശിക കമ്പനികളെ കൂടുതല്‍ ശക്തരാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ പെട്രോളിയം തൌതീന്‍ എന്ന് പേരിട്ട പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
ഊര്‍ജ്ജ രംഗത്ത് പ്രാദേശിക കമ്പനികളുടെ വളര്‍ച്ച ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി ഖത്തര്‍. ഖത്തര്‍ പെട്രോളിയം നടപ്പാക്കുന്ന പദ്ധതിയുടെ വെബ്സൈറ്റ് ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു.
ഊര്‍ജ്ജോല്‍പാദന രംഗത്ത് പ്രാദേശിക കമ്പനികളെ കൂടുതല്‍ ശക്തരാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഖത്തര്‍ പെട്രോളിയം തൌതീന്‍ എന്ന് പേരിട്ട പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി പദ്ധതിയുടെ വെബ്സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഊര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനികളെയും ഖത്തര്‍ പെട്രോളിയത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് പുതിയ സൈറ്റ്. ഊര്‍ജ്ജ രംഗത്ത് ഇറക്കുമതി പരമാവധി കുറച്ച് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ദേശീയ നയത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഖത്തര്‍ പെട്രോളിയം സി.ഇ.ഒയും വ്യവസായ സഹമന്ത്രിയുമായ സാദ് ഷെരീദ അല്‍ കാഅബി വ്യക്തമാക്കി.
ഇത് സാധ്യമാകണമെങ്കില്‍ ഈര്‍ജ്ജ രംഗത്ത് പ്രാദേശിക കമ്പനികളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പ്രതിവര്‍ഷം 900 കോടി റിയാല്‍ ലാഭമുണ്ടാകുന്ന തരത്തില്‍ ആഭ്യന്തര ഊര്‍ജോല്‍പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ എല്‍.എന്‍.ജി ഉല്‍പാദക രാജ്യമാണ് ഖത്തര്‍. പ്രതിവര്‍ഷം 7.7 കോടി ടണ്‍ എല്‍.എന്‍.ജിയാണ് ഖത്തര്‍ കയറ്റുമതി ചെയ്യുന്നത്. 2024 ആകുമ്പോഴേക്കും ഇത് 11 കോടി ടണ്ണാക്കി ഉയര്‍ത്തുകയാണ് ഖത്തര്‍ പെട്രോളിയത്തിന്‍റെ ലക്ഷ്യം.