സമാധാന ചര്‍ച്ചയില്‍ നിന്ന് ഹൂതികള്‍ പിന്മാറി; പോരാട്ടം ഊര്‍ജിതമാക്കാന്‍ സൌദിസഖ്യ സേന

തലസ്ഥാനമായ സന്‍ആയും പ്രധാന ചരക്കു മാര്‍ഗമായ ഹുദൈദ തുറമുഖവും അടങ്ങുന്ന യമന്റെ രണ്ട് സുപ്രധാന ഭാഗങ്ങള്‍ നിലവില്‍ ഹൂതികളുടെ പക്കലാണ്

Update: 2018-09-17 18:29 GMT
Advertising

സമാധാന ചര്‍ച്ചയില്‍ നിന്ന് ഹൂതികള്‍ പിന്മാറിയതിന് പിന്നാലെ സൌദിസഖ്യ സേന ഹുദൈദ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി. യമന്‍ സൈന്യത്തിന് പിന്തുണ നല്‍കിയാണ് സഖ്യസേനാ നീക്കം.

ഒരിക്കല്‍ നിര്‍ത്തി വെച്ച ഏറ്റുമുട്ടല്‍ അതിശക്തമാണിപ്പോള്‍. കഴിഞ്ഞ ദിവസമാരംഭിച്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 32 ഹൂതികളാണ്. യമന്‍ സൈന്യത്തിലെ ചിലര്‍ക്ക് പരിക്കുണ്ട്. തലസ്ഥാനമായ സന്‍ആയും പ്രധാന ചരക്കു മാര്‍ഗമായ ഹുദൈദ തുറമുഖവും അടങ്ങുന്ന യമന്റെ രണ്ട് സുപ്രധാന ഭാഗങ്ങള്‍ നിലവില്‍ ഹൂതികളുടെ പക്കലാണ്.

നേരത്തെ ഹുദൈദ-സന്‍ആ ദേശീയ പാത സൈന്യം പിടിച്ചെടുത്തിരുന്നു. ഹുദൈദ തുറമുഖം മോചിപ്പിക്കാനാണ് ശ്രമം. ഇത് മോചിപ്പിക്കുന്നതിനിടെ വന്‍ ആളപായത്തിന് സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് യു.എന്‍ സമാധാന ശ്രമങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഹൂതികള്‍ ചര്‍ച്ചക്ക് എത്തിയില്ല. ഇതോടെയാണ് വീണ്ടും ഏറ്റുമുട്ടല്‍.

ഹുദൈദ വഴിയാണ് ഹൂതികള്‍ ഇറാന്റെ ആയുധങ്ങള്‍ സ്വീകരിക്കുന്നതെന്ന് സഖ്യസേന ആരോപിക്കുന്നു. ഇതിനാല്‍ ഇത് മോചിപ്പിക്കാനായാല്‍ വലിയ നേട്ടമാകും യമന്‍ സൈന്യത്തിനും. എന്നാല്‍ വന്‍ ആളപായത്തിനുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട് അന്താരാഷ്ട്ര സംഘടനകള്‍.

Tags:    

Similar News