ഉംറ ഇ-വിസ സർവീസ് വിപുലമാക്കുന്നു; കോൺസുലറ്റിൽ പോവാതെ നടപടികൾ പൂർത്തിയാക്കാം
2030 ഓടെ പ്രതീക്ഷിക്കുന്നത് 30 ദശലക്ഷം തീർത്ഥാടകരെ
ഒാൺലൈൻ വഴിയുള്ള ഉംറ വിസ സർവീസ് സംവിധാനം വിപുലമാക്കാനുള്ള സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ നടപടികൾ പുരോഗമിക്കുന്നു. ഗ്രൂപ്പുകൾക്ക് നേരിട്ട് ഉംറ വിസ ലഭ്യമാക്കി വ്യക്തികൾക്കായുള്ള വിസ നടപടികൾ എളുപ്പമാക്കുന്നതാണ് പദ്ധതി.
വിഷൻ 2030 ന്റെ ഭാഗമായാണ് ഇ-വിസ സംവിധാനം വിപുലീകരിക്കുന്നത്. ഇതോടെ ഉംറ വിസ നടപടികൾ എളുപ്പമാക്കാനും കൂടുതൽ ആളുകളെ സ്വീകരിക്കാനുമാകും. ഹജ്ജ് ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വിസാനാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത വിസക്കായുള്ള ഇ-സംവിധാനം വികസിപ്പിക്കുന്നതോടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് സൗദി കോൺസുലേറ്റിൽ പോവാതെ തന്നെ വിസ നടപടികൾ പൂർത്തിയാക്കാനാകും. ഇ-സംവിധാന വിപുലീകരണത്തിെൻറ മുന്നോടിയായി ജിദ്ദയിൽ കഴിഞ്ഞ ദിവസം ശിൽപശാല നടന്നിരുന്നു. 'ഇ-വിസ ഒന്നാംഘട്ടം' എന്ന തലക്കെട്ടിൽ നടന്ന ശിൽപശാലയിൽ വിവിധ ഉംറ സർവീസ് കമ്പനി പ്രതിനിധികൾ പങ്കെടുത്തു. വിസ നടപടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു. 2030 ഒാടെ വർഷത്തിൽ 30 ദശലക്ഷം ഉംറ തീർഥാടകരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.