അമേരിക്കയില്‍ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് മത്സരം ഇന്ന്
രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് സൗത്ത് ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.
അമേരിക്കയില്‍ ഇന്ത്യ ആദ്യ ക്രിക്കറ്റ് മത്സരത്തിനിറങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. രാത്രി ഏഴരക്കാണ് മത്സരം.
രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് സൗത്ത് ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ വിജയം ഇന്ത്യക്ക് ആത്മവിശ്വാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ട്വന്റി 20യില്‍ കരുത്തരാണ് വിന്‍ഡീസ്. നിലിവിലെ ട്വന്റി20 ലോകകപ്പ് ചാമ്പ്യന്‍മാരാണ് വെസ്റ്റിന്‍ഡീസ്.
ടെസ്റ്റില്‍ ടീമിലില്ലാതിരുന്ന ക്രിസ് ഗെയില്‍, കീരണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ അമേരിക്കന്‍ മൈതാനത്ത് ഇന്ത്യക്ക് വെല്ലുവിളിയായെത്തും. ലോകകപ്പ് ഫൈനലിലെ ഹീറോ കാര്‍ലോസ് ബ്രാത്‌വെയ്റ്റാണ് ടീമിനെ നയിക്കുന്നത്. ഡാരന്‍ സമ്മിയെ ടീമില്‍ നിന്ന് ഒഴിവാക്കിയാണ് ബ്രാത്‌വെയ്റ്റിനെ നായകനാക്കിയത്. മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ഇന്ത്യന്‍ ടീമും സജ്ജമാണ്. നായകന്റെ ഭാരം ഒഴിയുന്ന വിരാട് കോഹ്‌ലിയില്‍ ചുറ്റിപ്പറ്റിയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍.
രഹാനെ, കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവര്‍ കൂടി ചേരുന്നതോടെ ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാകും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ബൗളിംഗ് നിരയിലുള്ളത്.