ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കും, ബിസിസിഐ അനുമതി
ഇന്നു ചേര്‍ന്ന ബിസിസിഐ പ്രത്യേക യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമിട്ട് ടീമിന്‍റെ പങ്കാളിത്തത്തിന് ബിസിസിഐ അനുമതി. ഇന്ന് ചേര്‍ന്ന പ്രത്യേക യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനെ തുടര്‍ന്ന് ഐസിസിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബിസിസിഐ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ടീമിനെ പിന്‍വലിക്കുന്നത് കാര്യമായി പരിഗണിച്ചിരുന്നു. മുന്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരമൊരു നിലപാടിന് ചുക്കാന്‍ പിടിച്ചിരുന്നത്.
എന്നാല്‍ ക്രിക്കറ്റിന് മുന്‍ഗണന നല്‍കണമെന്നും എത്രയും പെട്ടെന്ന് ടീമിനെ പ്രഖ്യാപിക്കണമെന്നും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതി ബിസിസിഐക്ക് അന്ത്യശാസനം നല്‍കി. ഇതോടെയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക എന്ന തീരുമാനത്തിലെത്താന്‍ ബിസിസിഐ നിര്‍ബന്ധിതരായത്. ടീം പ്രഖ്യാപനം തിങ്കളാഴ്ച നടക്കാനാണ് സാധ്യത.