രണ്ടാം തോല്‍വി; ഉറുഗ്വെ കോപ്പയില്‍ നിന്ന് പുറത്തേക്ക്
കളിയുടെ ഗതിക്കെതിരെ 36-ാം മിനിറ്റില്‍ ശലോമോന്‍ റാന്‍ഡനാണ് വെനസ്വേലയുടെ ഗോള്‍ നേടിയത്.
അവസരങ്ങള്‍ തുലച്ച് തുടര്‍ച്ചയായി രണ്ടാം തോല്‍വി ഏറ്റുവാങ്ങി ഉറുഗ്വായ് കോപ്പ അമേരിക്ക ഫുട്‌ബോളില്‍ നിന്ന് പുറത്തേക്ക്. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് തോല്‍വി ഏറ്റുവാങ്ങിയ ഉറുഗ്വെ വെനസ്വേലയോടും ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങി. കളിയുടെ ഗതിക്കെതിരെ 36-ാം മിനിറ്റില്‍ ശലോമോന്‍ റാന്‍ഡനാണ് വെനസ്വേലയുടെ ഗോള്‍ നേടിയത്. 2006 ന് ശേഷം ആദ്യമായാണ് വെനിസ്വേല ഉറുഗ്വെയെ തോല്‍പ്പിക്കുന്നത്.
ഗോളി മുസ്ലേര സ്ഥാനം തെറ്റി കയറിനില്‍ക്കുന്നത് കണ്ട വെനിസ്വേലയുടെ ഗ്വേര നാല്‍പ്പത് വാര അകലെ നിന്ന് പോസ്റ്റിലേയ്ക്ക് നെടുനീളന്‍ ഷോട്ട് പായിച്ചു. മുസ്ലേര ഒരുവിധം പന്ത് കുത്തിയകറ്റാന്‍ ശ്രമിച്ചെങ്കിലും ബാറിലിടിച്ച് പന്ത് വീണ്ടും ബോക്‌സില്‍ തന്നെയെത്തി. ഓടിയെത്തിയ റോന്‍ഡന്‍ റീബൗണ്ട് പോസ്റ്റിലേക്ക് കയറ്റി. കളിയുടെ ഗതിക്ക് തീര്‍ത്തും പ്രതികൂലമായി വെനസ്വേല മുന്നിലെത്തി.