'ലോകം മുഴുവന്‍ ഇടിഞ്ഞുവീഴുന്നതായി തോന്നി' - സ്റ്റോക്സ് മനസ് തുറക്കുന്നു

Update: 2018-05-06 05:51 GMT
Editor : admin
'ലോകം മുഴുവന്‍ ഇടിഞ്ഞുവീഴുന്നതായി തോന്നി' - സ്റ്റോക്സ് മനസ് തുറക്കുന്നു
Advertising

ട്വന്റി 20 ലോകകപ്പിന്റെ ദുരന്തമുഖമായിരുന്നു ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ്. ഒരുപക്ഷേ ഇംഗ്ലണ്ടിന്റെ ഹീറോ ആകേണ്ടിയിരുന്നവന്‍.

ട്വന്റി 20 ലോകകപ്പിന്റെ ദുരന്തമുഖമായിരുന്നു ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ്. ഒരുപക്ഷേ ഇംഗ്ലണ്ടിന്റെ ഹീറോ ആകേണ്ടിയിരുന്നവന്‍. എന്നാല്‍ കാര്‍ലോസ് ബ്രാത്ത്‍വെയ്റ്റ് എന്ന വിന്‍ഡീസ് അതികായന്‍ ഗാലറിയിലേക്ക് തുടര്‍ച്ചയായി പറത്തിയ ആ നാലു സിക്സറുകള്‍ സ്റ്റോക്സിനെ ശപിക്കപ്പെട്ടവനാക്കി. കപ്പിനും ചുണ്ടിനുമിടയില്‍ സ്റ്റോക്സിന്റെ കൈകളിലൂടെ കിരീടം ഊര്‍ന്നുപോയെങ്കിലും ഇംഗ്ലീഷ് ടീം അവനെ കുറ്റപ്പെടുത്തിയില്ല, തള്ളിക്കളഞ്ഞുമില്ല. എന്തിനേറെ വിന്‍ഡീസ് താരങ്ങള്‍ പോലും സ്റ്റോക്സിനെ ആശ്വസിപ്പിക്കാന്‍ ഒത്തുകൂടി. അതാകും ആ ശപിക്കപ്പെട്ട അവസാന ഓവറിനു ശേഷവും സ്റ്റോക്സിന്റെ മനോനില തെറ്റാതെ സഹായിച്ചത്.

ട്വന്റി 20 ലോകകപ്പിനു ശേഷം പിന്തുണയറിയിച്ചവര്‍ക്ക് ഒറ്റവാക്കില്‍ നന്ദി പറഞ്ഞു കളംവിട്ട സ്റ്റോക്സ് ആദ്യമായി മനസു തുറന്നു. ലോകം മുഴുവന്‍ ഇടിഞ്ഞുപൊളിഞ്ഞ് തനിക്ക്മേലേക്ക് പതിക്കുന്നതായി തോന്നിയെന്നാണ് ഫൈനലിലെ അവസാന ഓവറില്‍ ബ്രാത്ത്‍വെയ്റ്റ് അടിച്ചുപറത്തിയ ആ നാലു സിക്സറുകളെ സ്റ്റോക്സ് വിശേഷിപ്പിക്കുന്നത്. വെസ്റ്റിന്‍ഡീസിന് ജയിക്കാന്‍ 19 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ നാലു സിക്സറുകള്‍ പറത്തിയ വിന്‍ഡീസ് താരം മത്സരശേഷം അടുത്തെത്തി ആശ്വസിപ്പിച്ചെന്നും മടങ്ങാന്‍ നേരം തന്റെ ടീഷര്‍ട്ട് ചോദിച്ചുവാങ്ങിയെന്നും സ്റ്റോക്സ് പറയുന്നു. മരവിച്ചുപോയ തന്റെ മനസിനെ ഒട്ടേറെ സമയം ചെലവഴിച്ച് സമാധാനിപ്പിച്ച ശേഷമാണ് ബ്രാത്ത്‍വെയ്റ്റ് പോയതെന്നും സ്റ്റോക്സ് പറഞ്ഞു. വിന്‍ഡീസ് താരങ്ങളുടെ സ്‍നേഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും സ്റ്റോക്സ് കൂട്ടിച്ചേര്‍ത്തു.

കിരീടം തന്നിലൂടെ നഷ്ടപ്പെട്ടത് മാനസികമായി തകര്‍ത്തുകളഞ്ഞു. സഹതാരങ്ങളും വിന്‍ഡീസ് താരങ്ങളും നല്‍കിയ സ്‍നേഹവും ആശ്വാസവുമാണ് സാധാരണനിലയിലേക്ക് തിരിച്ചുവരാന്‍ കരുത്ത് പകര്‍ന്നത്. തോല്‍വി അംഗീകരിക്കാന്‍ മനസ് തയാറായിരുന്നില്ല. മൈതാനത്ത് തലകുനിച്ചിരുന്ന കരയുകയായിരുന്ന തനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിവുണ്ടായിരുന്നില്ല. നല്ല ഒരു കാര്യങ്ങളും മനസിലൂടെ കടന്നുപോകുന്നുണ്ടായിരുന്നില്ല. ഏറെ സമയത്തിന് ശേഷമാണ് യാഥാര്‍ഥ്യബോധത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതെന്നും സ്റ്റോക്സ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News