ലെസ്റ്റര്‍ സിറ്റിക്ക് ഇനിയും കാത്തിരിക്കണം
ജയിച്ചാല് കിരീടം ചൂടാമായിരുന്ന നിര്‍ണായക മത്സരത്തില്‍ ലെസ്റ്റര് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് സമനില വഴങ്ങി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായുള്ള ലെസ്റ്റര്‍ സിറ്റിയുടെ കുതിപ്പിന് ഒരു മത്സരം കൂടി കാത്തിരിക്കണം. ജയിച്ചാല് കിരീടം ചൂടാമായിരുന്ന നിര്‍ണായക മത്സരത്തില്‍ ലെസ്റ്റര് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് സമനില വഴങ്ങി. മാഞ്ചസ്റ്ററിന് വേണ്ടി ആന്‍റണി മാര്‍ഷ്യലും ലെസ്റ്ററിന് വേണ്ടി വെസ് മോര്‍ഗനുമാണ് ഗോളുകള് നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് ലെസ്റ്ററിന് ഒരു മത്സരം കൂടി കാത്തിരിക്കണം. അല്ലെങ്കില് ടോട്ടനം ചെല്‍സിയോട് തോല്‍ക്കണം.
ജയിച്ചാല്‍ കിരീടം ചൂടാമായിരുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ലെസ്റ്ററിനെ സമനിലയില്‍ കുടുക്കിയത്. പ്രതീക്ഷകളുമായി ഇറങ്ങിയെ ലെസ്റ്ററിനെ എട്ടാം മിനുട്ടില്‍ തന്നെ ആന്റണി മാര്‍ഷ്യല്‍ ഞെട്ടിച്ചു.
സമനിലക്ക് വേണ്ടി പൊരുതിയ ലെസ്റ്റര്‍ പതിനേഴാം മിനുട്ടില് തന്നെ ഒപ്പമെത്തി. വെസ് മോര്‍ഗനായിരുന്നു സ്കോറര്‍. ലീഡ് നേടാനായി പിന്നീട് ഇരു ടീമുകളും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. കിരീടത്തിലേക്ക് ഇനി രണ്ട് പോയിന്‍റാണ് ലെസ്റ്ററിന് വേണ്ടത്.
നാളെ നടക്കുന്ന ചെല്‍സി-ടോട്ടനം മത്സരത്തില്‍ ടോട്ടനം തോറ്റാല്‍ ലെസ്റ്റര് ചരിത്രം കുറിക്കും. അല്ലെങ്കില്‍ പിന്നെ എവര്‍ട്ടണോടുള്ള അടുത്ത മത്സരം വരെ കാത്തിരിക്കണം. എന്തൊക്കെയായാലും ലെസ്റ്ററിന് കിരീടം നഷ്ടമാകണമെങ്കില്‍ ഇനി അത്ഭുതം സംഭവിക്കണം. രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തേക്കാള്‍ ഏഴ് പോയിന്റ് മുന്നിലാണ് ലെസ്റ്റര്‍.