കുല്‍ദീപിന്റെ ഭാവി പ്രവചിച്ച് ഹര്‍ഭജന്‍
കുല്‍ദീപിന്റെ വരവോടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കും സ്പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയ്ക്കും മങ്ങലേറ്റുവെന്നും ഭാജി തുറന്നു പറയുന്നു.
ഒരൊറ്റ ഹാട്രിക് നേട്ടം കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ എല്ലാ ശ്രദ്ധയും നേടിയെടുത്തിരിക്കുകയാണ് യുപി കാരന്‍ കുല്‍ദീപ് യാദവ്. അടുത്തൊന്നും കുല്‍ദീപിന് പകരക്കാരന്‍ ഇന്ത്യന്‍ ടീമിലുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് പരസ്യമായി പറയുന്നത് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓഫ് സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിംങാണ്. കുല്‍ദീപിന്റെ വരവോടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കും സ്പിന്നര്‍ ആര്‍ അശ്വിനും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയ്ക്കും മങ്ങലേറ്റുവെന്നും ഭാജി തുറന്നു പറയുന്നു.
കുല്‍ദീപിന്റെ പ്രകടനത്തോട് ഹര്‍ഭജന് കൂടുതല്‍ ഇഷ്ടം തോന്നിപ്പിക്കുന്ന ഘടകങ്ങള്‍ വേറെയുമുണ്ട്. 2001ല്‍ ആസ്‌ത്രേലിയക്കെതിരെ ടെസ്റ്റില്‍ഹാട്രിക് നേടിയശേഷമാണ് ഹര്‍ഭജന്‍ സിംങ് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാകുന്നത്. ഇതേ ഈഡന്‍ ഗാര്‍ഡനിലായിരുന്നു ഹര്‍ഭജന്റെ കരിയര്‍ മാറ്റിയ പ്രകടനം നടന്നതും. മാത്രമല്ല അപ്പോള്‍ 21കാരനായ ഹര്‍ഭജന്റെ പ്രായവും കുല്‍ദീപിന്റേതിന് തുല്യം.
അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തില്‍തന്നെ ഹാട്രിക് ലഭിക്കുന്നത് ബൗളര്‍മാരില്‍ വലിയ മാറ്റമുണ്ടാക്കും. ഹാട്രിക് നേട്ടത്തിന് ശേഷം തന്റെ ആത്മവിശ്വാസം മറ്റൊരു തലത്തിലെത്തിയെന്ന് ഹര്‍ഭജന്‍ പറയുന്നു. ഓരോ ബൗളറും ഓര്‍ത്തുവെക്കുന്ന സുവര്‍ണ്ണ മുഹൂര്‍ത്തമാണ് ഹാട്രിക് നേട്ടമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. 37കാരനായ ഹര്‍ഭജന്‍ സിംങ് 700 ലേറെ അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ്.
Hat-trick boy Kuldeep lights up Eden Gardens
Hat-trick boy Kuldeep lights up Eden Gardens
കുല്‍ദീപിനൊപ്പം ചഹാലും മികച്ച രീതിയില്‍പന്തെറിഞ്ഞാല്‍ അശ്വിനും ജഡേജക്കും ഏകദിനത്തില്‍ തിരിച്ചെത്തുക അസാധ്യമാണെന്നും ഹര്‍ഭജന്‍ പറയുന്നു. റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപിന്റേയും ചഹാലിന്റേയും ജോഡി വിജയ ഫോര്‍മുലയായി മാറുകയാണ്. ചഹാലിന്റെ കുത്തി തിരിയുന്ന ലെഗ് ബ്രേക്കുകളും രണ്ട് വശത്തേക്കും ഒരേ പോലെ തിരിക്കാന്‍ കഴിവുള്ള കുല്‍ദീപും ഏത് പിച്ചിലും ബാറ്റ്‌സ്മാന്മാരുടെ നിലതെറ്റിക്കാന്‍ ശേഷിയുള്ളവരാണെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറയുന്നു.