ട്വന്‍റി 20യില്‍ 100 വിജയങ്ങള്‍‌ സ്വന്തമാക്കുന്ന ആദ്യ ടീമായി പാകിസ്ഥാന്‍

ചിരവൈരികളായ ടീം ഇന്ത്യയാണ് ഏറ്റവുമധികം ടി20 വിജയങ്ങളെന്ന നേട്ടത്തില്‍ പാകിസ്ഥാന് തൊട്ടുപിന്നില്‍. 142 മത്സരങ്ങളിൽ നിന്ന്​ 88 വിജയങ്ങളാണ് ഇന്ത്യന്‍ ടീം നേടിയത്

Update: 2021-04-11 09:18 GMT
Advertising

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ ടി20 വിജയത്തോടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. 100 അന്താരാഷ്​ട്ര ട്വന്‍റി20 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കോഡാണ്​ പാകിസ്​താൻ ക്രിക്കറ്റ് ടീം​ സ്വന്തം പേരില്‍ കുറിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായി നടക്കുന്ന നാല് മത്സരങ്ങളടങ്ങുന്ന ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം ജയിച്ചതോടെയാണ് പാകിസ്ഥാന്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയെ നാലുവിക്കറ്റിന്​ തകര്‍ത്താണ് പാകിസ്​താൻ തങ്ങളുടെ നൂറാം ട്വന്‍റി ട്വന്‍റി ജയം ആഘോഷിച്ചത്.

164 മത്സരങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍റെ നേട്ടം. 100 മത്സരങ്ങളില്‍ പാകിസ്ഥാന്‍ വിജയിച്ചപ്പോൾ 59 എണ്ണത്തില്‍ പരാജയം നേരിട്ടു. മൂന്ന്​ മത്സരങ്ങൾ സമനിലയായപ്പോൾ രണ്ടെണ്ണം ഉപേക്ഷിച്ചു. ചിരവൈരികളായ ടീം ഇന്ത്യയാണ് ഏറ്റവുമധികം ടി20 വിജയങ്ങളെന്ന നേട്ടത്തില്‍ പാകിസ്ഥാന് തൊട്ടുപിന്നില്‍. 142 മത്സരങ്ങളിൽ നിന്ന്​ 88 വിജയങ്ങളാണ് ഇന്ത്യന്‍ ടീം നേടിയത്. 47 മത്സരങ്ങൾ ഇന്ത്യന്‍ ടീം തോറ്റ​പ്പോൾ മൂന്ന് കളികള്‍ സമനിലയില്‍ കലാശിച്ചു. നാല്​ മത്സരങ്ങൾ ഉപേക്ഷിച്ചു.

ആസ്​ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്​ ടീമുകള്‍ 71വിജയങ്ങൾ വീതം നേടി മൂന്നാം സ്ഥാനം പങ്കിടുന്നു. ന്യൂസിലൻഡ്​ 145 മത്സരങ്ങളില്‍ നിന്ന് 71 വിജയം നേടിയപ്പോള്‍ ആസ്​ട്രേലിയ 136 മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്ക 128 മത്സരങ്ങളില്‍ നിന്നുമാണ് ഇത്രയും തന്നെ വിജയം സ്വന്തമാക്കിയിരിക്കുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News