ഉഗാണ്ടൻ അത്‌ലറ്റിനെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; നിയമ നടപടിക്ക് കുടുംബം
കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സിൽ മാരത്തോണിൽ പങ്കെടുത്തിരുന്നു
നെയ്‌റോബി: മുൻ കാമുകൻ തീകൊളുത്തി കൊലപ്പെടുത്തിയ ഉഗാണ്ടൻ മാരത്തൺ ഓട്ടക്കാരി റെബേക്ക ചെപ്‌റ്റെഗെ (33) യുടെ കുടുംബം നീതി തേടി നിയമനടപടിയിലേക്ക്. കെനിയയിലെ ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു ദാരുണാന്ത്യം. ദേഹത്ത് 80 ശതമാനം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 'മകളെ കൊലപ്പെടുത്തിയ വ്യക്തിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് റബേക്കയുടെ പിതാവ് ജോസഫ് ചെപ്റ്റെഗി ആവശ്യപ്പെട്ടു. പാരീസ് ഒളിമ്പിക്‌സിൽ മാരത്തണിൽ പങ്കെടുത്ത താരമാണ് റെബേക്ക.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഞായറാഴ്ചയാണ് കാമുകൻ ഡിക്‌സൺ എൻഡീമ റെബേക്കയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അക്രമത്തിനിടെ പൊള്ളലേറ്റ മുൻ കാമുകൻ ആശുപത്രിയിൽ ചികിത്സയിലാണ്. റെബേക്ക ചെപ്‌റ്റെഗെയുടെ മരണം ഞെട്ടലോടെയാണ് സഹ അത്‌ലറ്റുകൾ കണ്ടത്. ഉഗാണ്ടൻ കായിക മന്ത്രി പീറ്റർ ഒഗ്വാങ് സംഭവത്തെ ശക്തമായി അപലപിച്ചു. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും അറിയിച്ചു.