ഗംഭീരം ബുംറ; മുംബൈക്ക് ജയിക്കാന്‍ 169 റണ്‍സ്

ബുംറ നാലോവറിൽ വെറും 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി

Update: 2024-03-24 17:13 GMT
Advertising

അഹ്മദാബാദ്: തീപ്പന്തുകളുമായി കളം നിറഞ്ഞ ജസ്പ്രീത് ബുംറ ഐ.പി.എല്ലേക്കുള്ള തന്‍റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ ഗുജറാത്ത് ടൈറ്റൻസിനെ 168 റൺസിലൊതുക്കി മുംബൈ ഇന്ത്യൻസ്. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 168 റണ്‍സെടുത്തത്. ബുംറ നാലോവറിൽ വെറും 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഗുജറാത്തിന്റെ തട്ടകത്തിൽ ടോസ് നേടിയ മുംബൈ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ 19 റൺസെടുത്ത വൃദ്ധിമാൻ സാഹയുടെ കുറ്റി തെറിപ്പിച്ച് ബുംറ മുംബൈക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്ന് ഗുജറാത്ത് സ്‌കോർ ബോർഡ് ചലിപ്പിച്ചു. എട്ടാം ഓവറിൽ ഗില്ലിനെ പിയൂഷ് ചൗള രോഹിത് ശർമയുടെ കയ്യിലെത്തിച്ചു. പിന്നീടെത്തിയ അസ്മത്തുല്ല ഉമർ സാഇക്ക് വലിയ സംഭാവനകൾ നൽകാനായില്ല. 17 റണ്‍സെടുത്ത ഉമര്‍ സായിയെ കോയെട്ട്സിയാണ് പുറത്താക്കിയത്.  

അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സായ് സുദർശനേയും അഞ്ചാമനായിറങ്ങിയ ഡേവിഡ് മില്ലറേയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി ബുംറ വീണ്ടും മുംബൈയുടെ രക്ഷക്കെത്തി. പിന്നീട് അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയയാണ് ഗുജറാത്ത് സ്കോര്‍ 150 കടത്തിയത്. അവസാന ഓവറിൽ തെവാട്ടിയയെ നമാൻ ദീർ ഒരു തകർപ്പൻ ക്യാച്ചിലൂടെ പവലിയനിലേക്കയച്ചു. 45 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ശുഭ്മാന്‍ ഗില്‍ 33 റണ്‍സെടുത്തപ്പോള്‍ തെവാട്ടിയ 22 റണ്‍സെടുത്തു. മുംബൈക്കായി ജെറാഡ് കോയെട്ട്സീ രണ്ട് വിക്കറ്റ് വീഴ്ത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News