66 മീറ്റർ നീളവും 44 മീറ്റർ വീതിയും... ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സിയുമായി ബി.സി.സി.ഐ; ഗിന്നസ് റെക്കോര്‍ഡ്

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സിയുണ്ടാക്കിയാണ് ബി.സി.സി.ഐ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.

Update: 2022-05-30 08:11 GMT
66 മീറ്റർ നീളവും 44 മീറ്റർ വീതിയും... ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സിയുമായി ബി.സി.സി.ഐ; ഗിന്നസ് റെക്കോര്‍ഡ്
AddThis Website Tools
Advertising

രണ്ട് മാസം നീണ്ടുനിന്ന ലോകക്രിക്കറ്റിന്‍റെ ആവേശപ്പൂരമായ ഐ.പി.എല്ലിന് ഇന്നലെ കൊടിയിറങ്ങി. അരങ്ങേറ്റ സീസണിൽ കറുത്ത കുതിരകളായി കിരീടം ചൂടി ഗുജറാത്ത് ടൈറ്റൻസ് അത്ഭുതപ്പെടുത്തിയപ്പോള്‍ മലയാളി ആരാധകര്‍ക്ക് നിരാശയുടെ ദിനമായിരുന്നു. കാരണം ഫൈനലില്‍ വീണുപോയത് സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സായിരുന്നു.

എന്നാല്‍ ഇന്നലെ നടന്ന ഐ.പി.എല്‍ സമാപനച്ചടങ്ങിനിടെ ഒരു അപൂർവനേട്ടത്തിന് ബി.സി.സി.ഐ അര്‍ഹരായി. ഭീമന്‍ ജേഴ്സി ഉണ്ടാക്കി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഭരണസമിതിയായ ബി.സി.സി.ഐ പുതിയ നേട്ടം സ്വന്തമാക്കിയത്.


ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ജേഴ്സിയുണ്ടാക്കിയാണ് ബി.സി.സി.ഐ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.ഇന്നലെ നടന്ന ഐ.പി.എല്‍ ഫൈനലിനിടെയായിരുന്നു ബിസിസിഐ ഭീമന്‍ ജേഴ്സി പ്രദര്‍ശിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐ.പി.എൽ സമാപന ചടങ്ങിനിടെയാണ് ജേഴ്സി പ്രദർശിപ്പിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 15ആം വാർഷികാഘോഷത്തിന്‍റെ ഭാഗമായായിരുന്നു ഭീമന്‍ ജേഴ്സി ഒരുക്കിയത്. 15-ാം പതിപ്പിനെ പ്രതിനിധീകരിച്ച് ജേഴ്സിയില്‍ 15 എന്ന നമ്പരായിരുന്നു രേഖപ്പെടുത്തിയത്. എല്ലാ ഐപിഎൽ ടീമുകളുടെ ലോഗോയും ഭീമന്‍ ജേഴ്സിയില്‍ പതിപ്പിച്ചിരുന്നു.

66 മീറ്റർ നീളവും 44 മീറ്റർ വീതിയുമുള്ള ഭീമന്‍ ജേഴ്സിയാണ് ബി.സി.സി.ഐ മൈതാനത്തിൽ അവതരിപ്പിച്ചത്. ജേഴ്സി പ്രദര്‍ശനത്തിന് പിന്നാലെ ഗിന്നസ് പ്രതിനിധികളിൽ നിന്ന് ഗിന്നസ് ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലും ചേർന്ന് ഏറ്റുവാങ്ങി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News