വംശീയത തുപ്പി ആഘോഷം; അർജന്‍റൈന്‍ താരങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം
മാപ്പ് പറഞ്ഞ് എന്‍സോ ഫെര്‍ണാണ്ടസ്
കോപ്പ അമേരിക്ക കിരീട വിജയത്തിന് ശേഷം അര്‍ജന്‍റൈന്‍ താരങ്ങള്‍ നടത്തിയ വിജയാഘോഷങ്ങള്‍ക്കിടെ ഉയര്‍ന്ന ചാന്‍റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം. ഫ്രഞ്ച് താരങ്ങളെ അപമാനിച്ച് കൊണ്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ അടങ്ങിയ ചാന്‍റുകള്‍ എന്‍സോ ഫെര്‍ണാണ്ടസിന്‍റെ പേജിലാണ് പ്രത്യക്ഷപ്പെട്ടത്. എന്‍സോയും സഹതാരങ്ങളും ചേര്‍ന്ന് പാടിയ ചാന്‍റുകളിലെ വരികള്‍ ഇങ്ങനെ.
"കേൾക്കൂ, ലോകമെമ്പാടും പ്രചരിപ്പിക്കൂ.. അവരെല്ലാം അങ്കോളയിൽ നിന്നുള്ളവരാണ്. അവർ ട്രാൻസ്ജൻഡറുകൾക്ക് ഒപ്പം അന്തിയുറങ്ങും. അവരുടെ അമ്മമാര്‍ നൈജീരിയക്കാരാണ്. പിതാക്കന്മാര്‍ കാമറൂൺകാരും. പക്ഷേ പാസ്പോർട്ടിൽ പറയുന്നു അവർ ഫ്രഞ്ചുകാർ ആണെന്ന്".
വീഡിയോ ദൃശ്യങ്ങള്‍ വിവാദമായതോടെ എന്‍സോ ഫെര്‍ണാണ്ടസ് ക്ഷമാപണവുമായി രംഗത്തെത്തി. വിജയാഘോഷങ്ങൾക്കിടെ തങ്ങൾ പാടിയ ചാന്‍റ് ഏറെ പ്രകോപനപരമായിരുന്നു എന്നും അതിൽ ഉപയോഗിച്ച വാക്കുകളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും എൻസോ പറഞ്ഞു.
'കോപ്പ അമേരിക്ക വിജയഘോഷങ്ങൾക്കിടെ എന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച ആ വീഡിയോയുടെ പേരിൽ ഞാൻ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു. ആ ചാന്റുകൾ ഏറെ പ്രകോപനപരമായിരുന്നു. അതിൽ ഉപയോഗിച്ച വാക്കുകളെ ഒരിക്കലും ന്യായീകരിക്കാനാവില്ല. എല്ലാ വിധ വിവേചനങ്ങൾക്കെതിരെയും ഞാൻ നിലയുറപ്പിക്കുന്നു. ആ വീഡിയോ, ആ നിമിഷം, ആ വാക്കുകൾ, എൻ്റെ വിശ്വാസങ്ങളെയോ എൻ്റെ സ്വഭാവത്തെയോ അതൊന്നും പ്രതിഫലിപ്പിക്കുന്നില്ല'- എന്‍സോ കുറിച്ചു. അർജന്‍റൈന്‍ താരങ്ങളുടെ വംശീയ മുദ്രാവാക്യങ്ങൾക്കെതിരെ പരാതി നൽകുമെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷൻ അറിയിച്ചു.