ആറ് റണ്‍സുമായി ക്ലീന്‍ ബൗൾഡ് ; രഞ്ജിയിലും രക്ഷയില്ലാതെ കോഹ്‍ലി
ഹിമാൻഷു സാങ്‍വാനാണ് സൂപ്പര്‍ താരത്തിന്‍റെ കുറ്റി തെറിപ്പിച്ചത്


ഒരു പതിറ്റാണ്ടിന് ശേഷം രഞ്ജി കളിക്കാനെത്തിയ വിരാട് കോഹ്ലിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ട്രെന്റിങ് വാർത്തകളിൽ ഒന്ന്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മോശം പ്രകടനങ്ങളെ തുടർന്ന് വലിയ വിമർശനങ്ങൾ ഏറ്റു വാങ്ങിയ സൂപ്പർ താരം ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പിഴവുകൾ തിരുത്തണമെന്ന് മുൻ താരങ്ങൾ അടക്കം പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് 12 കൊല്ലത്തിന് ശേഷം കോഹ്ലി രഞ്ജി കളിക്കാനെത്തിയത്. ആയിരക്കണക്കിന് മനുഷ്യരാണ് ഇന്നലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ കോഹ്ലിയെ കാണാൻ തടിച്ച് കൂടിയത്.
എന്നാൽ രഞ്ജിയിലും സൂപ്പർ താരം ആരാധകരെ നിരാശപ്പെടുത്തി. റെയിൽവേസിനെതിരായ മത്സരത്തിൽ 12 പന്തിൽ ആറ് റൺസെടുത്ത് കോഹ്ലി പുറത്തായി. ഹിമാൻഷു സാങ്വാന്റെ പന്തിൽ താരം ക്ലീൻ ബൗൾഡാവുകയായിരുന്നു.
കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റ്‌ലീ സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നാൾക്ക് പരിക്കേറ്റിരുന്നു. മത്സരത്തിനിടെ സുരക്ഷാ ഉദ്യേഗസ്ഥരുടെ കണ്ണുവെട്ടിച്ച് കോഹ്ലിയുടെ പാദങ്ങളിൽ തൊടാൻ ഓടിയെത്തിയ ഒരു ആരാധകന്റെ ദൃശ്യങ്ങളും ഇന്നലെ വൈറലായിരുന്നു.
നേരത്തേ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ മോശം പ്രകടനത്തെ തുടർന്ന് കോഹ്ലി ഏറെ പഴികേട്ടിരുന്നു. പരമ്പരയിൽ എട്ട് തവണയാണ് കോഹ്ലി ഒരേ പോലെ പുറത്തായി മടങ്ങിയത്. പെർത്തിൽ നേടിയ സെഞ്ച്വറി മാത്രമായിരുന്നു സൂപ്പർ താരത്തിന് ആശ്വസിക്കാനുണ്ടായിരുന്നത്.