പന്തു കൊണ്ട് തിരിച്ചടിച്ചിട്ടും രക്ഷയില്ല; രണ്ടാം ഇന്നിങ്‌സിലും മാറ്റമില്ലാതെ ഇംഗ്ലണ്ട്‌

രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

Update: 2021-12-27 18:56 GMT
Advertising

ബോക്‌സിങ് ഡേയിൽ തങ്ങളെ എറിഞ്ഞിട്ട ഓസ്‌ട്രേലിയയെ അതേ നാണയത്തിൽ തിരിച്ചടിച്ചെങ്കിലും ആഷസ് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് വീണ്ടും ബാറ്റിംഗ് തകർച്ച. നാല് വിക്കറ്റ് നേടിയ പേസ് ബൗളർ ജെയിംസ് ആന്‍ഡേഴ്സന്‍റെ മികവിൽ 267 റൺസിന് ഓസ്‌ട്രേലിയൻ ബാറ്റർമാരെ മുഴുവൻ കൂടാരം കയറ്റിയ ശേഷം രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 31 റൺെസടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി.രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 12 റൺസുമായി ക്യപ്റ്റൻ ജോ റൂട്ടും രണ്ട് റൺസുമായി ബെൻ സ്‌റ്റോക്‌സുമാണ് ക്രീസിൽ.

ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസുമായി രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിര ഇംഗ്ലണ്ട് ബൗളർ ജെയിംസ് ആൻഡേഴ്‌സണ് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 100 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ഓസ്‌ട്രേലിയയുടെ മുഴുവന്‍ ബാറ്റര്‍മാരും 267 റണ്ണിന് കൂടാരം കയറി. 76 റൺസെടുത്ത ഓപ്പണർ മാർക്വസ് ഹാരിസിന് മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ തിളങ്ങാനായത്.

പേരുകേട്ട ഓസീസ് ബാറ്റിംഗ് നിരയെ എറിഞ്ഞിട്ട ആവേശത്തിൽ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് വീണ്ടും ഓസ്‌ട്രേലിയൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു. ടീം സ്‌കോർ രണ്ടക്കം കടക്കും മുമ്പേ  രണ്ട് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ട് 22 ന് നാല് എന്ന നിലയിലേക്ക് കൂപ്പ് കുത്തി. 12 റണ്‍സുമായി ക്രീസിലുള്ള ക്യാപ്റ്റൻ ജോ റൂട്ടിലാണ് ഇനി ഇംഗ്ലണ്ട് ആരാധകരുടെ മുഴുവൻ പ്രതീക്ഷ. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News