ആൻസലോട്ടിക്ക് പുറമെ ഗ്വാർഡിയോളയും; ബ്രസീൽ പരിശീലക സ്ഥാനത്തേക്കുള്ള സാധ്യതാ ലിസ്റ്റിൽ ഇവർ
അർജന്റീനക്കെതിരായ തോൽവിക്ക് പിന്നാലെ ഡൊറിവൽ ജൂനിയറിനെ കോൺഫെഡറേഷൻ പുറത്താക്കിയിരുന്നു


ലണ്ടൻ: അർജന്റീനക്കെതിരായ മത്സരത്തിലെ വൻതോൽവിക്ക് പിന്നാലെ ഡൊറിവൽ ജൂനിയറിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയ ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷൻ പുതിയ കോച്ചിനായി ശ്രമം ആരംഭിച്ചു. 2026 ഫിഫ ലോകകപ്പ് ലക്ഷ്യമിട്ട് വിദേശ പരിശീലകനെയാണ് കാനറിപട നോട്ടമിടുന്നത്. സമീപകാലത്തായി ബ്രസീൽ പരിശീലകരായെത്തിയവരെല്ലാം സ്വദേശികളായിരുന്നു.
യൂറോപ്യൻ ഫുട്‌ബോളിലെ പ്രധാനികളായ കാർലോ അൻസലോട്ടി, പെപ് ഗ്വാർഡിയോള എന്നിവരെ ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നായി റിപ്പോർട്ടുണ്ട്. എന്നാൽ നിലവിൽ റയൽ മാഡ്രിഡുമായി കരാറുള്ളതിനാൽ അൻസലോട്ടിയുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ എങ്ങോട്ടുമില്ലെന്ന് അഭിമുഖത്തിനിടെ ഇറ്റാലിയൻ കോച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയേയും പരിഗണിക്കുന്നത്. നേരത്തെ ക്ലബ് ഫുട്‌ബോൾ വിട്ട് ദേശീയ ഫുട്‌ബോൾ പരിശീലക സ്ഥാനത്തേക്ക് മടങ്ങിയെത്താൻ താൽപര്യമുണ്ടെന്ന് പെപ് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ ലോകഫുട്‌ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലംവാങ്ങുന്നയാളാണ് സ്പാനിഷ് പരിശീലകൻ. സിറ്റിയുമായി 2027 വരെ കരാർ നിലനിൽക്കുന്നുമുണ്ട്.
പാൽമെറസ് പരിശീലകൻ ആബെൽ ഫെറേറ, ഫ്‌ളിമിങോ മാനേജർ ഫിലിപ്പ് ലൂയിസ് എന്നിവരും ബ്രസീൽ ടാർഗെറ്റ് ലിസ്റ്റിലുള്ളവരാണ്. അൽ ഹിലാൽ പോർച്ചുഗീസ് കോച്ച് ജോർജ്ജ് ജീസസും ബ്രസീൽ റഡാറിലുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ജൂൺ നാലിന് ഇക്വഡോറുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം. ഇതിന് മുൻപായി ഡൊറിവൽ ജൂനിയറിന്റെ പിൻഗാമിയെ കണ്ടെത്താനാണ് ഫെഡറേഷൻ തീരുമാനം.