ത്രില്ലർ പോരിൽ മുംബൈക്ക് 12 റൺസ് ജയം; ഡൽഹിക്ക് സീസണിലെ ആദ്യ തോൽവി
ഏഴ് വർഷത്തിന് ശേഷം ഐപിഎൽ ഫിഫ്റ്റിയുമായി മലയാളിതാരം കരുൺ നായർ ഡൽഹി നിരയിൽ തിളങ്ങി


ഡൽഹി: അത്യന്തം ആവേശകമായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് തോൽപിച്ച് സീസണിലെ രണ്ടാംജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഡൽഹിയുടെ പോരാട്ടം 193ൽ അവസാനിച്ചു. അവസാന രണ്ട് ഓവറിൽ 23 റൺസ് വേണ്ടിയിരുന്ന ഡൽഹിക്കെതിരെ തുടരെ രണ്ട് റണ്ണൗട്ടുകളിലൂടെ മുംബൈ കളി തിരികെ പിടിക്കുകയായിരുന്നു. ജസ്പ്രീത് ബുംറയെറിഞ്ഞ 19ാം ഓവറിൽ തുടരെ രണ്ട് ഫോറടിച്ച് അശുതോഷ് ശർമ ഡൽഹിയുടെ രക്ഷകനാകുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് വിൽജാക്‌സിന്റെ ത്രോയിൽ അശുതോഷ് റണ്ണൗട്ടായത്. അവസാന പന്തിൽ കുൽദീപ് യാദവും റണ്ണൗട്ടായതോടെ ഡൽഹി സീസണിലെ ആദ്യ തോൽവി രുചിച്ചു.
𝘝𝘪𝘤𝘵𝘰𝘳𝘺 𝘵𝘢𝘴𝘵𝘦𝘴 𝘴𝘸𝘦𝘦𝘵𝘦𝘳 𝘸𝘩𝘦𝘯 𝘪𝘵’𝘴 𝘵𝘩𝘪𝘴 𝘤𝘭𝘰𝘴𝘦! 💙
— IndianPremierLeague (@IPL) April 13, 2025
3⃣ run-outs, high drama and #MI walk away with a thrilling win to break #DC's unbeaten run 👊
Scorecard ▶ https://t.co/sp4ar866UD#TATAIPL | #DCvMI | @mipaltan pic.twitter.com/q9wvt5yqoe
ഡൽഹി നിരയിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മലയാളിതാരം കരുൺ നായർ അർധ സെഞ്ച്വറി നേടി (89) തകർപ്പൻ പ്രകടനം നടത്തി. ഏഴ് വർഷത്തിന് ശേഷമാണ് താരം ഐപിഎല്ലിൽ ഫിഫ്റ്റിയടിക്കുന്നത്. 10.2 ഓവറിൽ 119-2 എന്ന നിലയിൽ നിന്നാണ് ഡൽഹി തകർന്നടിഞ്ഞത്. 40 പന്തിൽ 12 ഫോറും അഞ്ച് സിക്‌സറും സഹിതം 89 റൺസെടുത്ത കരുൺ നായറെ മിച്ചെൽ സാന്റ്‌നർ ക്ലീൻബൗൾഡാക്കിയത് മത്സരത്തിലെ ടേണിങ് പോയന്റായി. സ്വന്തം തട്ടകമായ അരുൺ ജെയിറ്റ്‌ലി സ്റ്റേഡിയത്തിൽ കൂറ്റൻ ടോട്ടൽ പിന്തുയർന്ന ഡൽഹിയുടെ തുടക്കം മോശമായിരുന്നു.
ആദ്യ പന്തിൽ തന്നെ ജേക്ക് ഫ്രേസർ മക്ഗുർഗിനെ(0) ദീപക് ചാഹാർ പുറത്താക്കി. എന്നാൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ കരുൺ ശർമ ജസ്പ്രീത് ബുംറ, ട്രെൻഡ് ബോൾട്ട് അടക്കമുള്ള ബൗളർമാരെ തകർത്തടിച്ചതോടെ പവർപ്ലെയിൽ സ്‌കോറിഗ് ഉയർന്നു. കരുൺ ശർമക്കൊപ്പം അഭിഷേക് പൊറേലും(33) ചേർന്നതോടെ 6 ഓവറിൽ 72 റൺസാണ് ടീം സ്‌കോർബോർഡിൽ ചേർത്തത്. ജസ്പ്രിത് ബുമ്രയുടെ ഒരോവറിൽ രണ്ട് സിക്‌സുകളാണ് കരുൺ പായിച്ചത്. എന്നാൽ പൊരേലിനെ(33) ഔട്ടാക്കി സ്പിന്നർ കരൺ ശർമ ടീമിന് പ്രതീക്ഷ നൽകി. പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്‌സും(1), അക്‌സർ പട്ടേലും(9), മികച്ച ഫോമിലുള്ള കെഎൽ രാഹുലും(15) മടങ്ങിയതോടെ ടീം തിരിച്ചടി നേരിട്ടു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലേതിന് സമാനമായി അശുതോഷ് ശർമ-വിപ്രാജ് സിങ് കൂട്ടുകെട്ട് വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും മുൻ ചാമ്പ്യൻമാരുടെ മികച്ച ഫീൽഡിങിൽ വീണു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനെത്തിയ മുംബൈക്ക് തിലക് വർമയുടെ (33 പന്തിൽ 59) അർധ സെഞ്ചുറിയാണ് മികച്ച സ്‌കോറിലെത്തിച്ചത്. സൂര്യകുമാർ യാദവ് (40), റിയാൻ റിക്കിൾട്ടൺ (41) എന്നിവരും നിർണായക പ്രകടനം പുറത്തെടുത്തു. രോഹിത് ശർമ (18) ഒരിക്കൽകൂടി നിരാശപ്പെടുത്തി.