സഞ്ജു സാംസൺ ബാറ്റിങ് വെടിക്കെട്ട്; ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ശക്തമായ നിലയിൽ, 306-5

ഇന്ത്യ ഡി ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിന് പുറത്തായി

Update: 2024-09-19 13:34 GMT
Editor : Sharafudheen TK | By : Sports Desk
Advertising

അനന്ത്പൂർ: ദുലീപ് ട്രോഫി മൂന്നാം റൗണ്ട് മത്സരത്തിൽ അർധ സെഞ്ച്വറിയുമായി കരുത്തുകാട്ടി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ഡിക്കായി ക്രീസിലെത്തിയ സഞ്ജു ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 89 റൺസുമായി പുറത്താകാതെ നിൽക്കുന്നു. സ്‌കോർ: ഇന്ത്യ ഡി 306-5.

 ടോസ് നേടിയ ഇന്ത്യ ബി നായകൻ അഭിമന്യു ഈശ്വരൻ ഇന്ത്യ ഡിയെ ബാറ്റിങിനയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും ശ്രീകാർ ഭരതും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യ ഡിക്കായി നൽകിയത്. ഓപ്പണിങ് സഖ്യം നൂറു റൺസ് നേടി. പടിക്കൽ (50), ഭരത് (52) സഖ്യം പിരിഞ്ഞെങ്കിലും ഇന്ത്യ ബിയുടെ റണ്ണൊഴുക്ക് തുടർന്നു. മൂന്നാമനായി ക്രീസിലെത്തിയ റിക്കി ബുയി(56) അർധ സെഞ്ച്വറിനേടി.  നാലാമനായി ഇറങ്ങിയ നിഷാന്ത് സിന്ധു(16) റൺസിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർ(0) മടങ്ങിയതോടെ തിരിച്ചടി നേരിട്ടു. എന്നാൽ ആറാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ ഏകദിന ശൈലിയിൽ ബാറ്റ് വീശി. ആറാംവിക്കറ്റിൽ സരൺസ് ജെയിനുമായി(26) ചേർന്ന് പിരിയാതെ ആദ്യ ദിനം അവസാനിപ്പിച്ചു. 83 പന്തിൽ 10 ഫോറും മൂന്ന് സിക്‌സറും സഹിതമാണ് സഞ്ജു വെടിക്കെട്ട് പ്രകടനം നടത്തിയത്.

ഇന്ന് നടന്ന മറ്റൊരു മൂന്നാം റൗണ്ട് പോരാട്ടത്തിൽ ഇന്ത്യ സിക്കെതിരെ ഇന്ത്യ എ ആദ്യദിനം സ്‌റ്റെമ്പെടുക്കുമ്പോൾ 224-7 എന്ന നിലയിലാണ്. ശാശ്വത് റാവത്തിന്റെ സെഞ്ചുറി(122) കരുത്തിലാണ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. 44 റൺസെടുത്ത ഷംസ് മുലാനിയാണ് ഇന്ത്യ എക്കായി ബാറ്റിംഗിൽ തിളങ്ങിയ മറ്റൊരു താരം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News