ടി20 ക്യാപ്റ്റനായി ഹാർദികിനെ പിന്തുണച്ച് ജയ് ഷാ, രോഹിതിനും ഗംഭീറിനും എതിർപ്പ്; ടീം പ്രഖ്യാപനം വൈകുന്നു
ഹാർദിക് പരിക്കിന്റെ പിടിയിലുള്ള താരമാണെന്ന വാദമാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുന്നതിനായി ഗംഭീർ ഉന്നയിക്കുന്നത്.
മുംബൈ: ലോകകപ്പോടെ രോഹിത് ശർമ ടി20 മത്സരങ്ങളിൽ നിന്ന് പടിയിറങ്ങിയതോടെ പുതിയ ക്യാപ്റ്റനെ തേടുകയാണ് ടീം ഇന്ത്യ. വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കാണ് നേരത്തെ ക്യാപ്റ്റൻ സ്ഥാനത്ത് കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നതെങ്കിൽ നിലവിൽ സൂര്യകുമാർ യാദവിനേയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ദ്രാവിഡിന് പകരക്കാരനായി പരിശീലക സ്ഥാനത്തെത്തിയ ഗൗതം ഗംഭീറിനും ഏകദിന,ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമക്കും ഹാർദികിൽ താൽപര്യമില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഹാർദികിനായി വാദിക്കുന്നു. ഇതോടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം നീളുകയാണ്.
അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മീറ്റിങ് നേരത്തെ നിശ്ചിയിച്ചിരുന്നത് ബുധനാഴ്ചയായിരുന്നു. എന്നാൽ ടി20 ക്യാപ്റ്റന്റെ കാര്യത്തിൽ സൂര്യകുമാറിനെ പ്രഖ്യാപിക്കുന്നതിൽ ക്രിക്കറ്റ് ബോർഡിന്റെ അനുമതി ലഭിക്കാത്തതോടെ മീറ്റിങ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായിരുന്ന സമയത്ത് സൂര്യകുമാർ ടീമിലുണ്ടായിരുന്നു. ഇരുവരും തമ്മിൽ നല്ലസൗഹൃദവുമുണ്ട്.
അതേസമയം, ഹാർദികിനെ മാറ്റിനിർത്തി ടീം പ്രഖ്യാപനം നടത്താനും ബോർഡിനാകില്ല. കഴിഞ്ഞ ടി 20 ലോകകപ്പിൽ ഇന്ത്യക്കായി ബാറ്റിങിലും ബൗളിങിലും മിന്നും പ്രകടനമാണ് നടത്തിയത്. എന്നാൽ പരിക്കിന്റെ പിടിയിലുള്ള താരമാണ് പാണ്ഡ്യയെന്ന നിലപാടാണ് ഗംഭീറിനുള്ളത്. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ താരം പിന്നീട് മടങ്ങിയെത്തിയത് ഐ.പി.എല്ലിലേക്കാണ്. 2026 ലോകകപ്പ് മുൻനിർത്തി ടി20യിൽ സ്ഥിരമായൊരു ടീമിനെ നിലനിർത്താനാണ് ഗംഭീർ ലക്ഷ്യമിടുന്നത്. പാണ്ഡ്യയുടെ ഫിറ്റ്‌നസിൽ പരിശീലകന് ആശങ്കയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ സീനിയർ താരങ്ങൾ കളിക്കണമെന്ന നിലപാടും ഗംഭീറിനുണ്ട്. രോഹിത് ശർമ,വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവരെ ശ്രീലങ്കൻ പര്യടനത്തിലേക്ക് മടക്കികൊണ്ടുവരാനും മുൻ താരം ശ്രമം നടത്തുന്നു. എന്നാൽ രോഹിത് ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തുമെങ്കിലും കോഹ്‌ലിയും ബുംറയും അടുത്ത പരമ്പരയിൽ മാത്രമാകും മടങ്ങിയെത്തുക. ഈ മാസം 27 ന് തുടങ്ങുന്ന പര്യടനത്തിൽ 3 വീതം ഏകദിനങ്ങളും ട്വന്റി 20 യുമാണ് ഉള്ളത്.
അതേസമയം, ക്യാപ്റ്റൻ അനിശ്ചിതത്വത്തിനിടെ വേറിട്ട പോസ്റ്റുമായി ഹാർദിക് രംഗത്തെത്തി. കഠിനാധ്വാനം ചെയ്താൽ അതിന്റെ ഫലമുണ്ടാകുമെന്നാണ് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സമീപകാലത്ത് വ്യക്തിപരമായും അല്ലാതെയും നേരിട്ട പ്രതിസന്ധികളെ അതിജീവിച്ച് എങ്ങനെ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റ്.