'കൺകഷൻ സബ്' ഭാവിയിൽ ദുരുപയോഗം ചെയ്യും; ഐ സി സി നിയമത്തിനെതിരെ വിവാദം കത്തുന്നു

ദുബെയെ മാറ്റി ഹർഷിത് റാണയെ സബ്ബായി കൊണ്ടുവന്ന തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലറും വ്യക്തമാക്കിയിരുന്നു

Update: 2025-02-01 11:58 GMT
Editor : Sharafudheen TK | By : Sports Desk
കൺകഷൻ സബ് ഭാവിയിൽ ദുരുപയോഗം ചെയ്യും; ഐ സി സി നിയമത്തിനെതിരെ വിവാദം കത്തുന്നു
AddThis Website Tools
Advertising

  ''ആ തീരുമാനത്തോട് യോജിക്കാനാവില്ല. ഒന്നെങ്കിൽ ശിവം ദുബെ ബൗളിങിൽ 25 മൈൽ വേഗം ആർജ്ജിച്ചുണ്ടാകണം. അല്ലെങ്കിൽ ഹർഷിത് റാണയുടെ ബാറ്റിങ് വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടാകണം. എന്തായാലും ഇക്കാര്യത്തിൽ മാച്ച് റഫറി ജവഗൽ ശ്രീനാഥിനോട് ഞങ്ങൾ വ്യക്തത തേടും''. ഇന്ത്യക്കെതിരായ നാലാം ടി20 മത്സരശേഷം 'കൺകഷൻ സബ്സ്റ്റിറ്റിയൂഷൻ' വിവാദത്തിന് തിളുത്തുന്നതായിരുന്നു ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലറിന്റെ ഈ വാക്കുകൾ. ഒരുപടി കൂടി കടന്ന് കൺകഷൻ സബിനെ ഇറക്കുന്ന സമയത്ത് എതിർടീമെന്ന നിലയിൽ അഭിപ്രായം തേടിയിരുന്നില്ലെന്നും ബട്‌ലർ പറഞ്ഞു. ഇംഗ്ലീഷ് ക്യാപ്റ്റന് പിന്തുണയുമായി മുൻ താരവും കമന്റേറ്ററുമായ മൈക്കിൾ വോണും കെവിൻ പീറ്റേഴ്‌സണുമടക്കമുള്ളവരും രംഗത്തെത്തി



   എന്താണ് കൺകഷൻ സബ്‌സ്റ്റിറ്റിയൂഷൻ... കളിക്കിടെ ഒരു താരത്തിന് തലക്കോ കഴുത്തിനോ പരിക്കേറ്റ് കളത്തിലിറങ്ങാനാവാത്ത സാഹചര്യത്തിൽ പകരക്കാരനെ ആ റോളിൽ കളിപ്പിക്കാനുള്ള അവസരം നൽകുന്നതാണ് ഈ നിയമം. മെഡിക്കൽ സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടീം മാനേജ്‌മെന്റ് ഇത്തരമൊരു മാറ്റത്തിന് തയാറെടുക്കുക. ഒരു കളിക്കാരന് കൺകഷൻ സംഭവിച്ചതായി സ്ഥിരീകരിച്ചാൽ അതേ പൊസിഷനിൽ കളിക്കുന്ന താരത്തെയാണ് സബ്ബായി റീപ്ലെയിസ് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ മാച്ച് റഫറിയെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. ഇന്നലെ പൂനെ ടി20യിൽ ഇംഗ്ലീഷ് താരം ജാമി ഓവർട്ടൻ എറിഞ്ഞ ഇന്ത്യൻ ഇന്നിങ്‌സിലെ അവസാന ഓവറിനിടെയാണ് ശിവം ദുബെക്ക് തലക്ക് പരിക്കേറ്റത്. ഇതോടെ പകരം ഇന്ത്യ കൺകഷൻ സബ്ബായി ഹർഷിത് റാണയെയാണ് ടീം മാനേജ്‌മെന്റ് ഗ്രൗണ്ടിലേക്ക് പറഞ്ഞുവിട്ടത്. അരങ്ങേറ്റ മത്സരം കളിച്ച റാണ അപകടകാരിയായ ലിയാം ലിവിങ്സ്റ്റണിന്റെയടക്കം നിർണായക മൂന്ന് വിക്കറ്റ് വീഴ്ത്തി പൂനെയിൽ ആതിഥേയരുടെ ഹീറോയായി. പൂനെ ടി20 ജയത്തോടെ ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി.



 കൺകഷൻ സബ് വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും രംഗത്തെത്തി. ഈ വിഷയത്തിൽ ഇപ്പോൾ തന്നെ തീരുമാനമെടുക്കണമെന്നും പിന്നീട് നിയമം തിരിച്ചടിക്കുമ്പോൾ പറഞ്ഞിട്ട് കാര്യമുണ്ടാകില്ലെന്നും ചോപ്ര പറഞ്ഞു. ഐസിസി ടൂർണമെന്റിലടക്കം നിയമം ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ശരിക്കും ദുബെയുടെ പെർഫെക്ട് റീപ്ലെയ്‌സ്‌മെന്റായിരുന്നോ ഹർഷിത് റാണ. ഇക്കാര്യത്തിൽ ഇരു ടീമുകൾക്കുമിടയിൽ ചർച്ചകൾ നേരത്തെ തന്നെ ചൂടുപിടിച്ചിരുന്നു. ഇന്ത്യക്കായി സമീപകലാത്ത് കളിച്ച അവസാന പത്ത് മത്സരങ്ങളിൽ ശിവം ദുബെ പന്തെറിഞ്ഞത് ചുരുക്കം മാച്ചുകളിൽ മാത്രമാണ്. റാണെയെ പോലെ രാജ്യാന്തര ക്രിക്കറ്റിൽ സ്ഥിരമായി നാല് ഓവർ എറിയുന്ന താരമാണോ ദുബെയെന്നതും പ്രധാന ചോദ്യമായി ഉയരുന്നു. പകരക്കാരന്റെ റോളിൽ ബൗളിങ് സ്‌കിൽ കൂടുതലുള്ള താരമായ ഹർഷിത് റാണയെ ഇറക്കിയതും ഇംഗ്ലീഷ് താരങ്ങളെ ചൊടിച്ചിച്ചു. ഓൾറൗണ്ടർ മാനദണ്ഡത്തിലാണ് റീപ്ലെയ്‌സ് ചെയ്യേണ്ടതെങ്കിൽ സ്‌ക്വാർഡിലുണ്ടായിരുന്ന രമൺദീപ് സിങിനെയായിരുന്നു ഇറക്കേണ്ടിയിരുന്നതെന്ന വാദവും എതിരാളികൾ ഉന്നയിക്കുന്നു.



 എന്നാൽ ഐസിസി നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള മാറ്റമാണ് ഇന്ത്യ വരുത്തിയത്. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നെന്നതാണ് വസ്തുത. പകരക്കാരനെ ഇറക്കുന്നതിന് മുൻപായി പരിക്കേറ്റ താരത്തിന് എന്താണോ ആ മാച്ചിൽ ചെയ്യാൻ ബാക്കിയുള്ളത് എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യുക. ഇതുപ്രകാരം ഓൾറൗണ്ടറായ ദുബെക്ക് ബൗളിങ് അവസരമായിരുന്നു അവശേഷിച്ചിരുന്നത്. ഇത് കൃത്യമായി ഉപയോഗപ്പെടുത്തിയാണ് കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നുംപ്രകടനം നടത്തിയ പേസറെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ഗ്രൗണ്ടിലേക്ക് ഇറക്കി വിട്ടത്. കൃത്യമായ അരങ്ങേറ്റം. ഐസിസി മാനദണ്ഡപ്രകാരം ഹർഷിത് റാണയെ കളിപ്പിച്ചതിൽ തെറ്റുണ്ടെന്ന് പറയാനുമാവില്ല. ക്രിക്കറ്റ് നിയമങ്ങളിലെ ലൂപ് ഹോളുകൾ നേരത്തെയും പലതരത്തിലും ഉപയോഗിക്കപ്പെട്ടിരുന്നു. ഓൾറൗണ്ടർ എന്ന കാറ്റഗറിയെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കൃത്യമായി നിർവചനം ചെയ്യാത്തിടത്തോളം കാലം കൺകഷൻ സബ് നിയമം ഇനിയും സംശയങ്ങൾക്കും പരാതികൾക്കും ഇടവരുത്തും.




  2019ലാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഇത്തരമൊരു നിയമത്തിന് രൂപം നൽകിയത്. ഹർഷിത് റാണെയടക്കം ഇതിനകം ആറു പേരാണ് കൺകഷൻ സബ്ബായി അരങ്ങേറ്റ മത്സരം കളിച്ചത്. 2023ൽ ഏകദിന മത്സരത്തിനിടെ പാകിസ്താൻ ഓൾറൗണ്ടർ കമ്രാൻ ഗുലാം, അതേ വർഷം ടെസ്റ്റിൽ അഫ്ഗാൻ താരം ബാഹിർഷാ എന്നിവരാണ് അവസാനമായി പകരക്കാരുടെ റോളിൽ കളത്തിലിറങ്ങിത്.



 2019ൽ ന്യൂസിലാൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് പ്രഥമ ഏകദിന ലോകകിരീടത്തിൽ മുത്തമിട്ടത് ബൗണ്ടറിയുടെ വ്യത്യാസത്തിലായിരുന്നു. കലാശ പോരാട്ടത്തിൽ സൂപ്പർ ഓവറിലും ഇരുടീമുകളും തുല്യത പാലിച്ചതോടെയാണ് കൂടുതൽ ബൗണ്ടറി നേടിയ ടീം വിജയത്തിനുള്ള മാനദണ്ഡമായത്. ഐസിസിയുടെ ആ നിയമം അന്ന് വലിയതോതിൽ വിമർശിക്കപ്പെടുകയും ചെയ്തു. സമാനമായി ഏറെ ലൂപ് ഹോളുകളുള്ളതാണ് കൺകഷൻ സബ്സ്റ്റിറ്റിയൂട്ടും. നിയമത്തിൽ കാതലായ മാറ്റംവരുത്തിയില്ലെങ്കിൽ വരാനിരിക്കുന്ന ഐസിസിയുടെ പ്രധാന ടൂർണമെന്റിലടക്കം കൺകഷൻ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News