നാല് റൺസിന്റെ ജയവുമായി വിൻഡീസ്: ആദ്യ ടി20യിൽ ഇന്ത്യക്ക് തോൽവി
അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയാണ് (22 പന്തില്‍ 39) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (12) റണ്ണൗട്ടായി
ട്രിനിഡാഡ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. നാല് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയാണ് (22 പന്തില്‍ 39) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (12) റണ്ണൗട്ടായി. ജേസണ്‍ ഹോള്‍ഡര്‍, ഒബെദ് മക്‌കോയ്, റൊമാരിയ ഷെഫേര്‍ഡ് എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി. ജേസണ്‍ ഹോള്‍ഡറാണ് കളിയിലെ താരം.
വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് റിപ്പോര്‍ട്ട്
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 യിൽ ഇന്ത്യക്ക് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
48 റൺസ് നേടിയ റോവ്മാൻ പവലാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. 32 പന്തുകളിൽ നിന്ന് മൂന്ന് വീതം ബൗണ്ടറിയും സിക്‌സറും അടങ്ങുന്നതായിരുന്നു പവലിന്റെ ഇന്നിങ്‌സ്.
നിക്കോളാസ് പുരാനും തിളങ്ങി. 40 റൺസാണ് പുരാൻ നേടിയത്. രണ്ട് വീതം സിക്‌സറും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പുരാന്റെ ഇന്നിങ്‌സ്. മറ്റുളളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. കൃത്യമായ ഇടവേളകിൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തി. വാലറ്റത്ത് നിന്നും വിൻഡീസിന് കാര്യമായ സഹായം കിട്ടിയില്ല. ഹെറ്റ്മയർക്ക് പത്ത് റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
സ്ലോ ബോളുകളിൽ വിൻഡീസ് ബാറ്റർമാർക്ക് പന്ത് കണക്ട് ചെയ്യാനായില്ല. വിക്കറ്റ് നഷ്ടപ്പെടാതെ വിൻഡീസ് 29 റൺസ് വരെ കൊണ്ടുപോയെങ്കിലും പിന്നീട് ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു. ഇന്ത്യക്കായി പേസർമാരായ അർഷദീപ് സിങ് മുകേഷ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇന്ത്യക്കായി തിലക് വര്‍മ്മ, മുകേഷ് കുമാര്‍ എന്നിവര്‍ ടി20യില്‍ അരങ്ങേറി. മൂന്നാം ഏകദിനത്തിൽ അർധ സെഞ്ച്വറി തികച്ച് ഫോമിലേക്കുള്ള സൂചനകൾ നൽകിയ സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉണ്ട്.