ഓൾറൗണ്ട് പ്രകടനവുമായി അഭിഷേക്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 150 റൺസിന്റെ കൂറ്റൻ ജയം, പരമ്പര 4-1 സ്വന്തമാക്കി

സെഞ്ച്വറി നേടിയ അഭിഷേക് രണ്ടുവിക്കറ്റ് വീഴ്ത്തിയും നിർണായക പ്രകടനം നടത്തി

Update: 2025-02-02 17:22 GMT
Editor : Sharafudheen TK | By : Sports Desk
ഓൾറൗണ്ട് പ്രകടനവുമായി അഭിഷേക്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 150 റൺസിന്റെ കൂറ്റൻ ജയം, പരമ്പര 4-1 സ്വന്തമാക്കി
AddThis Website Tools
Advertising

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ടി20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. വാഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 150 റൺസിനാണ് ജയം. 248 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറിൽ 97 റൺസിന് ഓൾഔട്ടായി. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം നേടിയ ശിവം ദുബെ, അഭിഷേക് ശർമ, വരുൺ ചക്രവർത്തി എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഫിൽ സാൾട്ടിന് മാത്രമാണ്(23 പന്തിൽ 55) ത്രീലയൺസ് നിരയിൽ തിളങ്ങാനായത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് അഭിഷേക് ശർമയുടെ സെഞ്ചുറിയാണ് (54 പന്തിൽ 135) കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. ശിവം ദുബെ(30), തിലക് വർമ(24) എന്നിവരും മികച്ച പിന്തുണ നൽകി. 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ 247 റൺസ് പടുത്തുയർത്തിയത്. സഞ്ജു സാംസൺ 16 റൺസെടുത്ത് പുറത്തായി. ബാറ്റിങിനിടെ കൈവിരലിന് പരിക്കേറ്റ മലയാളിതാരത്തിന് പകരം ദ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായെത്തിയത്. ബ്രൈഡൺ കാർസെ ഇംഗ്ലണ്ടിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

സാൾട്ടിന് പുറമെ ഇംഗ്ലണ്ട് നിരയിൽ ജേക്കബ് ബേഥൽ (10) മാത്രമാണ് രണ്ടക്കം കണ്ടത്. ആദ്യ രണ്ട് ഓവറിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും സ്പിൻബൗളിങിന് മുന്നിൽ ഒരിക്കൽകൂടി തകർന്നടിഞ്ഞു. ബെൻ ഡക്കറ്റ് (0) നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. ജോസ് ബട്ലർ (7), ഹാരി ബ്രൂക്ക് (2), ലിയാം ലിവിംഗ്സ്റ്റൺ (9), ബ്രൈഡൺ കാർസെ (3) എന്നിവരെല്ലാം നിരാശപ്പെടുത്തി. ജാമി ഓവർടൺ (1), ആദിൽ റഷീദ് (6), മാർക് വുഡ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ജോഫ്ര ആർച്ചർ (1) പുറത്താവാതെ നിന്നു.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ആർച്ചർ എറിഞ്ഞ ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ സിക്സർ പറത്തി സഞ്ജു സാംസൺ ഇന്ത്യക്ക് മിന്നും തുടക്കം നൽകി. ആദ്യ ഓവറിൽ രണ്ട് സിക്സറടക്കം 16 റൺസാണ് നേടിയത്. എന്നാൽ സ്‌കോർ 21ൽ നിൽക്കെ സഞ്ജു സാംസണെ ഇന്ത്യക്ക് നഷ്ടമായി. 16 റൺസെടുത്ത മലയാളി താരം മാർക്ക് വുഡിന്റെ ഓവറിൽ ജോഫ്രാ ആർച്ചറിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ സമാനമായി വലിയ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു ഔട്ടായത്. എന്നാൽ ഒന്നാം വിക്കറ്റിൽ ഒത്തുചേർന്ന തിലക്-അഭിഷേക് സഖ്യം സ്‌കോറിംഗ് ഉയർത്തികൊണ്ടേയിരുന്നു.

പവർ പ്ലേയിൽ മാത്രം 95 റൺസാണ് ഇന്ത്യ സ്‌കോർബോർഡിൽ ചേർത്തത്. ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന് പവർ പ്ലേ സ്‌കോറാണിത്. അതിവേഗത്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് സെഞ്ച്വറിയിലും റെക്കോർഡിട്ടു. ഇന്ത്യൻ ടി20 ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണ് യുവതാരം നേടിയത്. 35 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ രോഹിത് ശർമയെയാണ് മറികടന്നത്.

പവർപ്ലെയിൽ കത്തികയറിയ ഇന്ത്യ മിഡിൽ ഓവറിലും അതേ പ്രകടനം ആവർത്തിച്ചതോടെ സ്‌കോർ 200 കടന്നു. തിലക് വർമ(24), ശിവം ദുബെ(30) എന്നിവർ അഭിഷേകിന് മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്(2) ഒരിക്കൽകൂടി നിരാശപ്പെടുത്തി. ഹാർദിക് പാണ്ഡ്യ(9), റിങ്കു സിങ്(9) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും അഭിഷേക് തകർത്തടിച്ചുകൊണ്ടേയിരുന്നു. അവസാന ഓവറുകളിൽ അക്സർ പട്ടേലും(11 പന്തിൽ 15) തകർത്തടിച്ചതോടെ സ്‌കോർ റൺമല കയറി. അഭിഷേക് ശർമ കളിയിലെ താരവും വരുൺ ചക്രവർത്തി പരമ്പരയിലെ താരവുമായി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News