അനായാസം ഇന്ത്യൻ വനിതകൾ; അണ്ടർ 19 വനിത ക്രിക്കറ്റ് കീരീടം ഇന്ത്യക്ക്


ക്വാലാലമ്പൂർ: അണ്ടർ 19 വനിത ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് തകർത്താണ് ഇന്ത്യൻ വനിതകൾ രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യ വെറും 82 റൺസിന് എറിഞ്ഞിട്ടിരുന്നു. ജി.ത്രിഷ ഇന്ത്യക്കായി മൂന്നുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വൈഷ്ണവി ശർമ, ആയുഷി ശുക്ല, പരുണിക സിസോഡിയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 23 റൺസെടുത്ത മീക്ക് വാൻ വൂസ്റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ജയം എളുപ്പമായിരുന്നു. എട്ടുറൺസുമായി ജി കമാലിനി പുറത്തായെങ്കിലും 33 പന്തുകളിൽ 44 റൺസെടുത്ത ത്രിഷയും 22 പന്തിൽ 26 റൺസെടുത്ത സനിക ചാൽകെയും ചേർന്ന് ഇന്ത്യൻ വിജയം എളുപ്പമാക്കി.
സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക ആസ്ട്രേലിയയെും തോൽപ്പിച്ചിരുന്നു. ടൂർണമെന്റിലുടനീളം ആധികാരിക പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. വി.ജെ ജോഷിത ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യമായി.