എന്തൊരു യോർക്കർ; മുംബൈ-ഡൽഹി മത്സരം മാറ്റിമറിച്ച ബുംറയുടെ അത്യുഗ്രൻ ബൗളിങ്-വീഡിയോ

കാലിനെ ലക്ഷ്യമാക്കിയെത്തിയ പെർഫെക്ട് യോർക്കറിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം ഷായുടെ ലെഗ്‌സ്റ്റമ്പും കൊണ്ടാണ് പോയത്.

Update: 2024-04-07 18:55 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മുംബൈ: ജസ്പ്രീത് ബുംറയുടെ ആ നാല് ഓവറാണ് മുംബൈ-ഡൽഹി മത്സരത്തിന്റെ ഗതിമാറ്റിയത്. നാല് വിക്കറ്റ് നേടി ജെറാഡ് കൊയിറ്റ്‌സിയാണ് മുന്നിലെങ്കിലും ഇന്ത്യൻ പേസറുടെ ബൗളിങിന് മത്സര ഫലത്തിൽ വലിയ പ്രാധാന്യമാണുള്ളത്. 235 റൺസിന്റെ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ഇറങ്ങിയ ഡെൽഹിക്ക് സ്റ്റാർബാറ്റർ ഡേവിഡ് വാർണറിനെ ആദ്യമേ നഷ്ടമായി. പിന്നീട് പ്രതീക്ഷയാത്രയും പൃഥ്വി ഷായിൽ. കഴിഞ്ഞ മാച്ചിൽ തകർത്തടിച്ച യുവതാരം മുംബൈക്കെതിരെയും ഇതേഫോം തുടർന്നു.  ബൗളർമാരെ കണക്കിന് പ്രഹരിച്ച് താരം പത്തോവറിൽതന്നെ നൂറുകടത്തി. ഇതോടെ കളികൈവിടുമോയെന്ന ആശങ്ക വാംഗഡെയെ നിശബ്ദമാക്കി.

ഈ സമയമാണ് ഹാർദിക് പാണ്ഡ്യ വിശ്വസ്ത പടയാളിയെ തിരിച്ചുകൊണ്ടുവന്നത്.കളി ഇവിടംമുതൽ മാറിമറിയുകയായിരുന്നു. പന്ത്രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ പൃഥ്വി ഷായുടെ കാലു തകർക്കുന്നൊരു യോർക്കറിൽ ബുമ്ര ആ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 40 പന്തിൽ മൂന്ന് സിക്‌സറും എട്ട് ബൗണ്ടറിയുമായി 66 റൺസുമായി മുന്നേറിയ യുവതാരത്തെ വീഴ്ത്തിയതോടെ മത്സരംകൂടിയാണ് മുംബൈ കൈപിടിയിലൊതുക്കിയത്. 

കാലിനെ ലക്ഷ്യമാക്കിയെത്തിയ പെർഫെക്ട് യോർക്കറിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമം ഷായുടെ ലെഗ്‌സ്റ്റമ്പും കൊണ്ടാണ് പോയത്. വിക്കറ്റ് വീണ ശേഷമുള്ള ഡൽഹി പരിശീലകൻ റിക്കി പോണ്ടിങിന്റെ എക്‌സ്പ്രഷനിൽ എല്ലാമുണ്ടായിരുന്നു. ആ മരണയോർക്കർ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകുന്നത് കൂടിയാണ്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിൽ ഒലി പോപ്പിനെ ക്ലീൻ ബൗൾഡാക്കിയ യോർക്കറിനോട് സമാനമായ ഡെലിവറി. പൃഥ്വിക്ക് പിന്നാലെ അഭിഷേക് പോറലിനെയും മടക്കിയ ഇന്ത്യൻ സ്റ്റാർ പേസർ മുംബൈക്ക് സീസണിലെ ആദ്യ ജയമൊരുക്കി. നാല് ഓവറിൽ 22 റൺസ് വിട്ടുകൊടുത്താണ് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ ഐപിഎലിലെ റെക്കോർഡ് സ്‌കോർ പിറന്ന സൺറൈസേഴ്‌സ് ഹൈദരാബാദ്-മുംബൈ മത്സരത്തിലും ബുംറയുടെ ഓവറുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റു ബൗളർമാരെ ഹൈദരാബാദ് ബാറ്റർമാർ ആക്രമിച്ചപ്പോൾ ബുംറയുടെ നാല് ഓവറിൽ സിംഗിളും ഡബിളുമാണ് കളിച്ചത്. ജൂണിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ പ്രതീക്ഷയും ഈ പേസ് ബൗളറിലാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News