ഡുപ്ലെസിസിന് അർധ സെഞ്ച്വറി; ഹൈദരാബാദിനെതിരെ ഡൽഹിക്ക് ഏഴ് വിക്കറ്റ് ജയം, രണ്ടാമത്
മിച്ചൽ സ്റ്റാർക്ക് അഞ്ചുവിക്കറ്റുമായി ഡൽഹി ബൗളിങിൽ മികച്ചുനിന്നു


വിശാഖപട്ടണം: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റിന്റെ അനായാസ ജയം. എസ്ആർഎച്ച് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ഫാഫ് ഡുപ്ലെസിസിന്റെ അർധ സെഞ്ച്വറി കരുത്തിലാണ്(27 പന്തിൽ 50) വിജയം സ്വന്തമാക്കിയത്. അഭിഷേക് പൊറേൽ(18 പന്തിൽ 34), ട്രിസ്റ്റൻ സ്റ്റബ്‌സ്(14 പന്തിൽ 21) പുറത്താകാതെ നിന്നു. ഹൈദരാബാദിനായി അരങ്ങേറ്റ മത്സരം കളിച്ച സീഷാൻ അൻസാരി മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് അഞ്ചുവിക്കറ്റുമായി ഡൽഹി ബൗളിങിൽ മികച്ചുനിന്നു. കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അനികേത് വെർമയുടെ(41 പന്തിൽ 74) റൺസാണ് ഓറഞ്ച് പടയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ജയത്തോടെ ഡിസി പോയന്റ് ടേബിളിൽ രണ്ടാമതെത്തി.
സ്വന്തം തട്ടകമായ വിഖാഖപട്ടണം എസിഎ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമാണ് ഫ്രേസർ മക്ഗർക്ക്-ഫാഫ് ഡുപ്ലെസിസ് ഓപ്പണിങ് സഖ്യം നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസ് കൂട്ടിചേർത്തു. 38 റൺസെടുത്ത് മക്ഗർക്കിനെ സീഷാൻ അൻസാരി പുറത്താക്കി. പിന്നാലെ ഒരുസിക്‌സറും ഫോറുമായി മികച്ച ഫോമിൽ കളിച്ച കെഎൽ രാഹുലിനേയും(അഞ്ച് പന്തിൽ 15) യുവ സ്പിന്നർ ക്ലീൻബൗൾഡാക്കി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന അഭിഷേക്-സ്റ്റബ്‌സ് സഖ്യം ആതിഥേയരെ അനായാസം ജയത്തിലേക്ക നയിച്ചു.
നേരത്തെ മിച്ചൽ സ്റ്റാർക്കിന്റെ പേസ് ആക്രമണത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് തകർന്നടിയുകയായിരുന്നു. പവർ പ്ലേ ഓവറുകളിൽ സന്ദർശകരുടെ നാല് വിക്കറ്റുകളാണ് ഡൽഹി വീഴ്ത്തിയത്. ഇഷാൻ കിഷൻ(2), നിതീഷ് കുമാർ റെഡ്ഡി(0), ട്രാവിസ് ഹെഡ്(22) എന്നിവരുടെ വിക്കറ്റ് സ്റ്റാർക്ക് സ്വന്തമാക്കി. അഭിഷേക് ശർമ(1) റണ്ണൗട്ടായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അനികേത് വർമ-ഹെന്റിച് ക്ലാസൻ കൂട്ടുകെട്ട് തകർത്തടിച്ചെങ്കിലും മോഹിത് ശർമയുടെ ഓവറിൽ ക്ലാസൻ(32) മടങ്ങി. പിന്നാലെയെത്തിയ അഭിനവ് മനോഹറിനും(4),പാറ്റ് കമ്മിൻസിനും(2) കാര്യമായൊന്നും ചെയ്യാനായില്ല.