വിനോദ് കാംബ്ലിക്ക് സഹായ ഹസ്തവുമായി ഗവാസ്‌കർ; പ്രതിമാസം 30,000 രൂപ വീതം ലഭ്യമാക്കും- റിപ്പോർട്ട്
ദീർഘകാലമായി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കാംബ്ലി സാമ്പത്തികമായും മോശം അവസ്ഥയിലാണ്


മുംബൈ: ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക പരാധീനതകളും നേരിടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് സഹായ ഹസ്തവുമായി സുനിൽ ഗവാസ്‌കർ രംഗത്ത്. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഗവാസ്‌കറിന്റെ നേതൃത്വത്തിലുള്ള ചാംപ്‌സ് ഫൗണ്ടേഷനാണ് പ്രതിമാസം 30,000 രൂപ ലഭ്യമാക്കുക. പ്രതിമാസ ധനസഹായത്തിന് പുറമെ മെഡിക്കൽ ചെലവിലേക്കായി വർഷത്തിൽ 30,000 രൂപ അധികമായി നൽകുമെന്നും റിപ്പോർട്ടുണ്ട്.
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിന്റെ 50ാം വാർഷികാഘോഷ ചടങ്ങിൽ ഗവാസ്‌കറും കാംബ്ലിയും കണ്ടുമുട്ടിയിരുന്നു. മുൻ താരങ്ങളെ ആദരിക്കൽ ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കറും പങ്കെടുത്തിരുന്നു. അവശനിലയിൽ സ്റ്റേജിൽ നടക്കാൻ പോലും പ്രയാസപ്പെട്ട കാംബ്ലിയുടെ വീഡിയോ അന്ന് പ്രചരിച്ചിരുന്നു. തുടർന്ന് തന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് കാംബ്ലി വിവരിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവാസ്‌കർ താൽപര്യമെടുത്ത് സഹായധനം ലഭ്യമാക്കാൻ തീരുമാനിച്ചത്. അണുബാധയും തലയിൽ രക്തം കട്ടപിടിക്കുകയും ചെയ്തതിനെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്തിടെ താരം വലിയ സാമ്പത്തിക പ്രശ്‌നം നേരിടുന്നതായി വാർത്തകൾ വന്നിരുന്നു. ബിസിസിഐയിൽ നിന്ന് മുൻ താരങ്ങൾക്ക് ലഭിക്കുന്ന 30,000 രൂപയുടെ പെൻഷൻ മാത്രമാണ് ഏക ആശ്രയം. ഇതിന് പുറമെയാണ് ഇപ്പോൾ ഗവാസ്‌കർ ഫൗണ്ടേഷന്റെ സഹായവും.
കഴിഞ്ഞ വർഷം ബാല്യകാല പരിശീലകൻ രമാകാന്ത് അചരേക്കറെ ആദരിക്കുന്ന ചടങ്ങിൽ കാംബ്ലി സച്ചിൻ ടെണ്ടുൽക്കറെ അഭിവാദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കാംബ്ലിയുടെ രൂപം പലരെയും ഞെട്ടിച്ചിരുന്നു. 1991 മുതൽ 2000 വരെയായി ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളുമാണ് കാംബ്ലി കളിച്ചത്. റെഡ്‌ബോൾ ക്രിക്കറ്റിൽ 54.20 ശരാശരിയിൽ 1,084 റൺസും, ഏകദിനത്തിൽ 32.59 ശരാശരിയിൽ 2,477 റൺസുമാണ് സമ്പാദ്യം. മികച്ച ഫോമിൽ നിൽക്കെയാണ് പരിക്കും ഫോമില്ലായ്മയും അച്ചടക്കമില്ലാത്ത ജീവിതവും താരത്തിന്റെ കരിയറിന്റെ താളംതെറ്റിച്ചത്. വിരമിച്ച ശേഷം, കോച്ചിംഗ്, റിയാലിറ്റി ടെലിവിഷൻ, രാഷ്ട്രീയം എന്നിവയെല്ലാം പരീക്ഷിച്ചെങ്കിലും വിജയംകണ്ടില്ല.