ബുംറയെയും അടിച്ചുപറത്തി; ഇത് കരുണിന്റെ മാസ് കംബാക്ക്


മുംബൈ ഉയർത്തിയ 205 റൺസ് പിന്തുടർന്ന ഡൽഹിക്ക് ആദ്യ പന്തിൽ തന്നെ ജേക്ക് ഫ്രേസർ മക്കർക്കിനെ നഷ്ടമാകുന്നു. പിന്നാലെ അധികം ആരവങ്ങളൊന്നുമില്ലാതെ ഒരാൾ ക്രീസിലേക്ക് നടന്നടുത്തു. ഫാഫ് ഡുെപ്ലസിസിന് പരിക്കേറ്റതിനാൽ മാത്രമാണ് അയാൾക്ക് ടീമിൽ ഇടം ലഭിച്ചത്. അതിദീർഘ കാലത്തിന് ശേഷമാണ് അയാൾ ഐപിഎല്ലിൽ കളത്തിലിറങ്ങുന്നത്. കൃത്യം പറഞ്ഞാൽ 1077 ദിവസങ്ങൾക്ക് ശേഷം. അതുകൊണ്ടുതന്നെ അയാൾക്ക് ഈ മത്സരം നിർണായകമാണ്. ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ പിന്നീട് ടീമിനൊരിക്കലും തന്നെ വേണ്ടി വരില്ല എന്ന് അയാൾക്കറിയാം.
ബുംറയെ അടിച്ചുപറത്തിയ ധീരത
ട്രെന്റ് ബോൾട്ട് എറിഞ്ഞ രണ്ടാം ഓവറിൽ മൂന്നുബൗണ്ടറികൾ പായിച്ചുകൊണ്ട് കരുൺ ചില സൂചനകൾ നൽകി. മൂന്നും അതിമനോഹരമായ ഷോട്ടുകൾ. ക്രീസിൽ കരുൺ നിലയുറപ്പിച്ച് വരികയാണ്.അതിനിടയിലാണ് അയാൾക്ക് മുന്നിൽ യഥാർത്ഥ വെല്ലുവിളിയെത്തുന്നത്. സാക്ഷാൽ ജസ്പ്രീത് ബുംറ പന്തെറിയുന്നു. ബുംറയുടെ പന്തുകളെ കൃത്യമായി കണക്കുകൂട്ടി അയാൾ രണ്ട് ബൗണ്ടറികൾ പായിക്കുന്നു. ബുംറയെ ഇയാൾ ഒരു പുസ്തകം പോലെ വായിക്കുന്നു എന്നാണ് അന്നേരം കമന്ററി ബോക്സിൽ നിന്നും കേട്ടത്.
പവർേപ്ലയിലെ അവസാന ഓവറിൽ ബുംറയെ ഒരിക്കൽ കൂടി പാണ്ഡ്യ പന്തേൽപ്പിച്ചു. ഡീപ്പ് വാർഡ് സ്ക്വയറിലേക്ക് അതിമനോഹരമായ ഫ്ലിക് സിക്സറോടെയാണ് കരുൺ ബുംറയെ വരവേറ്റത്. കരുൺ ബുംറയെ അനായാസം തൂക്കിയെടുക്കുന്നത് കണ്ട് മുംബൈ നിര ഒന്നടങ്കം ഞെട്ടി എന്നതാണ് സത്യം. അതേ ഓവറിലെ മൂന്നാം പന്തിൽ യോർക്കറിനായി ശ്രമിച്ച ബുംറക്ക് തെറ്റി. ലോ ഫുൾടോസായി വന്ന പന്തിനെ ബൗണ്ടറിയിലേക്ക് പറത്തിവിട്ടു. ബുംറ തന്റെ വജ്രായുധമായ സ്ളോ ബോളാണ് അടുത്തതായി പരീക്ഷിച്ചത്. പക്ഷേ കരുണിന് ഒരുകുലുക്കവുമുണ്ടായില്ല. ആ പന്തിനെ അതിമനോഹരമായി ഗ്രൗണ്ടിലേക്ക് പറത്തിയിറക്കി. ഓവറിലെ അവസാന പന്തിൽ ടൈമിങ് തെറ്റിയ ഷോട്ടിൽ ഒരു ഡബിൾ കൂടി ഓടിയെടുത്ത് 22 പന്തിൽ കരുൺ അർധ സെഞ്ച്വറിയും പൂർത്തിയാക്കി.
ബുംറ ഒരോവറിൽ രണ്ട് സിക്സറുകൾ കൺസീഡ് ചെയ്യുന്നത് 2021ന് ശേഷം ഇതാദ്യമാണ്. ബൗളർമാരുടെ ശവപ്പറമ്പായ ഐപിഎൽ പിച്ചുകളിലും ബാറ്റർമാരുടെ ഉറക്കം കെടുത്തുന്ന ബുംറയെ കരുൺ ഒട്ടും ബഹുമാനമില്ലാതെയാണ് നേരിട്ടത്. ബുംറയുടെ ആദ്യ രണ്ട് ഓവറുകളിൽ മാത്രം 29 റൺസാണ് പിറന്നത്. അഥവാ കരുൺ ബുംറയെ നേരിട്ട 9 പന്തുകളിൽ നിന്നും നേടിയത് 26 റൺസ്. പവർേപ്ലക്ക് ശേഷം ടൈം ഔട്ടിനായി നിൽക്കുമ്പോൾ ജസ്പ്രീത് ബുംറ നില വിട്ട് കരുൺ നായറോട് ദേഷ്യപ്പെടുന്നതും കണ്ടു. റണ്ണിനായി ഓടവേ ചെറുതായി കൂട്ടിയിടിച്ചതായിരുന്നു വിഷയമെങ്കിലും ബുംറയെ അതിലും ക്ഷുഭിതനാക്കിയത് കരുൺ തന്നെ നേരിട്ട രീതിതന്നെയായിരുന്നുവെന്നാണ് തോന്നിച്ചത്.
ബുംറ കൂടി തല്ലുവാങ്ങിയതോടെ കരുണിന് മുമ്പിൽ മുംബൈക്ക് ഓപ്ഷൻ ഇല്ലാതെയായി മാറി എന്നതാണ് സത്യം. പിന്നീടെറിഞ്ഞ പാണ്ഡ്യയും കരൺ ശർമയുമെല്ലാം ആ ബാറ്റിന്റെ ചൂടറിഞ്ഞു. ആരാണ് താനെന്നും എന്താണ് തന്റെ എക്സ്പീരിയൻസെന്നും കരുൺ ഐപിഎൽ വേദികളോട് വിളിച്ചുപറയുകയായിരുന്നു. ഒടുവിൽ സ്വപ്നസമാനമായ സെഞ്ച്വറിയിലേക്ക് എന്ന് തോന്നിക്കവേ 89 റൺസിൽ വെച്ച് കരുൺ വീണു. മിച്ചൽ സാൻ്റ്നറുടെ അതിഗംഭീരമായ ഒരു പന്തിൽ ക്ലീൻ ബൗൾഡായി മടക്കം. ഇന്നത്തെ ദിവസം അയാളെ പുറത്താക്കാൻ അതുപോലെ ഒരു എക്സ്ട്രാ ഒാർഡിനറിയായ പന്തുതന്നെ വേണമായിരുന്നു. ഇളകി മറിഞ്ഞ ഡൽഹി ഗ്യാലറി എഴുന്നേറ്റ് കൈയ്യടിച്ചാണ് കരുണിനെ വരവേറ്റത്. കാത്തിരിപ്പിനൊടുവിൽ തനിക്ക് വീണ് കിട്ടിയ അവസരം ഒരാൾ ഇതിനേക്കാൾ മനോഹരമായി എങ്ങനെ ഉപയോഗപ്പെടുത്താനാണ്.
അവഗണനകൾക്ക് നടുവിൽ
കരുൺ നായരുടെ പെർഫോമൻസിൽ അത്ഭുപ്പെടാൻ ഒന്നുമില്ല. ആദ്യന്തര ക്രിക്കറ്റിലെ അയാളുടെ സ്റ്റാറ്റ്സുകൾ അതിന് സാക്ഷിയാണ് . വിജയ് ഹസാരെ ട്രോഫിയിൽ അയാൾ അഞ്ച് സെഞ്ചറികൾ അടക്കം അടിച്ചുകൂട്ടിയത് 779 റൺസ്. സ്ട്രൈക്ക് റേറ്റാകട്ടെ 124ഉം. തൊട്ടുപിന്നാലെ വിദർഭ രഞ്ജി ട്രോഫി ചാമ്പ്യൻമാരാകുമ്പോൾ 863 റൺസുമായി അവിടെയും തലയുയർത്തി നിന്നു. സയ്യിദ് മുഷ്താഖ് അലി ഋട്രാഫിയിൽ 177 സ്ട്രൈക്ക് റേറ്റിൽ 255 റൺസും നേടി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ നടത്തിയ മഹാരാജ ട്രോഫിയിൽ 560 റൺസുമായി ടോപ്പ് സ്കോറർമാരിൽ രണ്ടാമതുമെത്തി. അഥവാ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലും അയാൾ ചെയ്യാവുന്നതിന്റെ മാക്സിമം തന്നെ ചെയ്തു.
ആഭ്യന്തര ക്രിക്കറ്റാണ് ഇന്ത്യൻ ടീമിന്റെ സെലക്ഷൻ മാനദണ്ഡമെങ്കിൽ അയാളെ എന്നോഇന്ത്യൻ ടീമിലേക്ക് തിരിച്ചു വിളിക്കേണ്ടതാണ്. ഇതുവരെയും അതുണ്ടായിട്ടില്ല. കരിയർ പീക്ക് ഫോമിലായിട്ടും ഐപിഎൽ ലേലടേബിളിലും അയാൾക്കായി കാര്യമായി ആരും രംഗത്തെത്തിയില്ല. ഒടുവിൽ വെറും 50 ലക്ഷം നൽകിയാണ് ഡൽഹി കരുണിനെ വാങ്ങിയത്. എന്നിട്ടും അവസരം ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നു. ഡുെപ്ലസിസിന് പരിക്ക് പറ്റുമ്പോൾ സമീർ റിസ്‍വിയൊയാണ് ഡൽഹി ഈ സീസണിൽ കളിപ്പിച്ചിരുന്നത്. ഒടുവിലയാൾക്ക് മുന്നിൽ ഒരവസരം തുറന്നു. അതയാൾ മനോഹരമാക്കുകയും ചെയ്തു.
അയാളുടെ അരിയർ എന്നും അങ്ങനെയാണ്. 2016ൽ തന്നെ കരുൺ ഇന്ത്യക്കായി വെള്ള കുപ്പായമണിഞ്ഞിരുന്നു. താൻ കളിച്ച മൂന്നാം ടെസ്റ്റിൽ തന്നെ കരുൺ തന്റെ പ്രതിഭയെന്താണെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. ചെന്നൈ സ്റ്റേഡിയത്തിൽ വെച്ച് ഇംഗ്ലീഷ് ബൗളർമാരുടെ ക്ഷമയെ പരീക്ഷിച്ച ഇന്നിങ്സ്. ഒടുവിൽ 759ന് ഏഴ് എന്ന കൂറ്റൻസ്കോറിൽ നിൽക്കേ ഇന്ത്യ ഡിക്ലയർ ചെയ്യുേമ്പാൾ അഞ്ചാമനായി ഇറങ്ങിയ കരുൺ 303 റൺസുമായി പുറത്താകാതെ നിന്നു. ഒരു നൂറ്റാണ്ടിനടുത്ത് ചരിത്രമുള്ള ഇന്ത്യൻ ക്രിക്കറ്റിൽ വീരേന്ദർ സെവാഗ് മാത്രം തൊട്ട ട്രിപ്പിൾ സെഞ്ച്വറിയെന്ന കൊടുമുടിയെ മറ്റൊരു ഇന്ത്യക്കാരൻ കൂടി പുൽകിയ നിമിഷം. കരുണിെൻറ കരിയറിനെ എന്നേന്നേക്കുമായി മാറ്റാൻ പ്രാപ്തിയുള്ള ഇന്നിങ്സ്.
തൊട്ടുപിന്നാലെ ഓസീസുമായുള്ള പരമ്പരക്ക് കൂടി കരുണിനെ ഉൾപ്പെടുത്തി. പക്ഷേ കരുൺ അവിടെ നിരാശപ്പെടുത്തി. കരുണിനെ സംരക്ഷിക്കാനോ കരുണിന് വേണ്ടി വാദിക്കാനോ ആരുമുണ്ടായില്ല. പിന്നീടൊരിക്കലും കൃത്യമായി പറഞ്ഞാൽ 2017 march 25ന് ശേഷം കരുൺ ഇന്ത്യൻ കുപ്പായമണിഞ്ഞില്ല. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിലുണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിലും കരുണിനെ കളത്തിലിറക്കിയില്ല. ഹനുമ വിഹാരിക്ക് കരുൺനായർക്കും മുകളിൽ ചാൻസ് നൽകിയത് സുനിൽ ഗവാസ്കർ അടക്കമുള്ളവരെ ചൊടിപ്പിച്ചിരുന്നു. പ്രിയപ്പെട്ടവനല്ലാത്തതിനാനാലാകാം കരുണിനെ ഇറക്കാത്തതെന്നാണ് സുനിൽ ഗവാസ്കർ അന്ന് പറഞ്ഞത്. വെറും ആറ് മത്സരങ്ങളിൽ മാത്രം കളത്തിലിറങ്ങിയ കരുൺ ദേശീയ ടീമിെൻറ ഓരങ്ങളിൽ പോലുമില്ലാതെ മറഞ്ഞുപോയി.