രോഹനും സച്ചിൻ ബേബിയും തിളങ്ങി; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ജയം
ക്യാപ്റ്റൻ സഞ്ജു സാംസണില്ലാതെയാണ് കേരളം കളത്തിലിറങ്ങിയത്
ഹൈദരാബാദ്: ക്യാപ്റ്റൻ സഞ്ജു സാംസണില്ലാതെ ഇറങ്ങിട്ടും കേരളത്തിന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ ജയം. നാഗാലാൻഡിനെ എട്ട് വിക്കറ്റിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം 11.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. രോഹൻ എസ് കുന്നുമ്മൽ(28 പന്തിൽ 57) അർധ സെഞ്ച്വറിയുമായി തകര്ർത്തടിച്ചു. സച്ചിൻ ബേബി(31 പന്തിൽ 48) പുറത്താകാതെ നിന്നു. നേരത്തെ എൻ ബേസിലിന്റെയും ബേസിൽ തമ്പിയുടേയും ബൗളിങ് മികവിലാണ് നാഗാലാൻഡിനെ കേരളം ചെറിയ ടോട്ടലിൽ ഒതുക്കിയത്.
ആദ്യ മത്സരത്തിൽ സർവീസസിനെ തകർത്ത കേരളം രണ്ടാം മത്സരത്തിൽ മഹാരാഷ്ട്രയോട് തോറ്റിരുന്നു. ജയത്തോടെ ഗ്രൂപ്പ് ഇയിൽ മൂന്ന് കളിയിൽ നിന്ന് എട്ട് പോയന്റുമായി നാലാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനാണ് ആയത്. ക്യാപ്റ്റൻ ഷാംപിർ തെരംഗ്32)ടോപ് സ്‌കോററായി. ഡെഗ നിഷാൽ 22 റൺസ് നേടി. 4 ഓവറിൽ 16 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത എൻ ബേസിൽ മികച്ച പ്രകടനം നടത്തി. ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി.