ചഹൽ മാജികിൽ പഞ്ചാബ്; ലോ സ്‌കോർ ത്രില്ലറിൽ കൊൽക്കത്തക്കെതിരെ 16 റൺസ് ജയം
ഐപിഎൽ ചരിത്രത്തിലെ കുറഞ്ഞ ടോട്ടൽ പ്രതിരോധിച്ച് ജയിക്കുന്ന ടീമായി പഞ്ചാബ്


മുല്ലാൻപൂർ: ഐപിഎല്ലിലെ ലോ സ്‌കോർ ത്രില്ലറിൽ പഞ്ചാബ് കിങ്‌സിന് തകർപ്പൻ ജയം. സ്വന്തം തട്ടകമായ ചണ്ഡീഗഡിലെ മുള്ളൻപൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പഞ്ചാബ് ഉയർത്തിയ 112 റൺസിന്റെ ചെറിയ ടോട്ടലിലേക്ക് ബാറ്റുവീശിയ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 15.1 ഓവറിൽ 95ൽ ഓൾഔട്ടായി. ഒരു ഘട്ടത്തിൽ കെകെആർ അനായാസം ജയിക്കുമെന്ന് തോന്നിപ്പിച്ച സമയത്ത് തുടരെ വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർ യുസ്വേന്ദ്ര ചഹലിന്റെ ബൗളിങ് മികവാണ് പഞ്ചാബിന് തുണയായത്. ഐപിഎൽ ചരിത്രത്തിലെ കുറഞ്ഞ റൺസ് പ്രതിരോധിക്കുന്ന ടീം എന്ന നേട്ടവും പഞ്ചാബ് സ്വന്തമാക്കി. നാല് വിക്കറ്റുമായി ചഹൽ കൊൽക്കത്തൻ താരങ്ങളെ വരിഞ്ഞുമുറുക്കി. മൂന്ന് വിക്കറ്റുമായി മാർക്കോ ജാൻസനും മികച്ച പിന്തുണ നൽകി. കൊൽക്കത്ത നിരയിൽ അൻക്രിഷ് രഘുവംശി(28 പന്തിൽ 37) മാത്രമാണ് പിടിച്ചുനിന്നത്. അവസാന ഓവറിൽ ആന്ദ്രെ റസൽ(11 പന്തിൽ 17) തകർത്തടിച്ച് നിലവിലെ ചാമ്പ്യൻമാർക്ക് പ്രതീക്ഷ നൽകിയെങ്കിലും 16ാം ഓവറിലെ ആദ്യപന്തിൽ വിൻഡീസ് താരത്തെ ക്ലീൻബൗൾഡാക്കി മാർക്കോ ജാൻസൻ ആതിഥേയർക്ക് ജയം സമ്മാനിച്ചു.
പഞ്ചാബിനെ ചെറിയ ടോട്ടലിൽ തളച്ചിട്ട സന്ദർശകരുടെ തുടക്കം മികച്ചതായില്ല. ആദ്യഓവറിൽ തന്നെ ഫോമിലുള്ള സുനിൽ നരെയിനെ(5) മാർക്കോ ജാൻസൻ ക്ലീൻബൗൾഡാക്കി. തൊട്ടുപിന്നാലെ ക്വിന്റൺ ഡികോക്കും(2) മടങ്ങി. എന്നാൽ ക്യാപ്റ്റൻ അജിൻക്യ രഹാനെയും രഘുവംശിയും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പ്രതീക്ഷ നൽകി. പവർപ്ലെ ഓവറുകളിൽ തകർത്തടിച്ച ഇരുവരും കെകെആറിന് അനായാസജയം നൽകുമെന്ന് തോന്നിപ്പിച്ചു. എന്നാൽ 8ാം ഓവറിലെ നാലാം പന്തിൽ രഹാനെയെ(17) വിക്കറ്റിന് മുന്നിൽ കുരുക്കി ചഹൽ നിർണായക ബ്രേക്ക് ത്രൂ നൽകി. പിന്നാലെ മികച്ച ടച്ചിലുള്ള രഘുവംശിയെ(37)സാവിയർ ബാർട്‌ലെറ്റിന്റെ കൈകളിലെത്തിച്ച് മറ്റൊരു പ്രഹരം നൽകി. തൊട്ടടുത്ത ഓവറിൽ വെങ്കിടേഷ് അയ്യരെ(7) മാക്‌സ്വെൽ വിക്കറ്റിന് മുന്നിൽ കുരുക്കി. ഫിനിഷർ റിങ്കു സിങിനെ(2)യും തൊട്ടടുത്ത പന്തിൽ രമൺദീപ് സിങിനേയും(0) മടക്കിയതോടെ കളി പഞ്ചാബിന് അനുകൂലമായി. വിക്കറ്റുകൾ തുടരെ വീഴുമ്പോഴും മറുഭാഗത്ത് തകർത്തടിച്ച് റസൽ നിലയുറപ്പിച്ചതോടെ കെകെആർ ആരാധകർക്ക് വീണ്ടും പ്രതീക്ഷവന്നു. എന്നാൽ പഞ്ചാബ് ബൗളർമാരുടെ പോരാട്ടവീര്യത്തിൽ വെറും 95 റൺസിൽ ടീം ഓൾഔട്ടായി. കഴിഞ്ഞ മത്സരത്തിൽ വമ്പൻ ടോട്ടൽ പടുത്തുയർത്തിയിട്ടും സൺറൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ പഞ്ചാബ് കിങ്‌സ് ഇന്ന് ഐപിഎല്ലിലെ തന്നെ കുറഞ്ഞ ടോട്ടൽ പ്രതിരോധിച്ചത് കൗതുകമായി.
നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് 15.3 ഓവറിൽ 111 റൺസിന് ഓൾഔട്ടാകുകയായിരുന്നു. കെകെആർ സ്പിൻ-പേസ് ആക്രമണത്തിനെതിരെ ഒരുഘട്ടത്തിൽ പോലും പിടിച്ചുനിൽക്കാൻ ആതിഥേയർക്കായില്ല. 15 പന്തിൽ 30 റൺസെടുത്ത പ്രബ്‌സിമ്രാൻ സിങാണ് ടോപ് സ്‌കോറർ. ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിന് മടങ്ങി. കൊൽക്കത്തക്കായി ഹർഷിത് റാണ മൂന്നും വരുൺ ചക്രവർത്തിയും സുനിൽ നരേയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.