അവസാന ഓവർ ത്രില്ലർ ജയിച്ച് ബെംഗളൂരു; മുംബൈക്കെതിരെ 12 റൺസ് ജയം
ക്രുണാൽ പാണ്ഡ്യ എറിഞ്ഞ 20ാം ഓവറിൽ ജയിക്കാൻ 19 റൺസ് വേണ്ടിയിരുന്ന മുംബൈക്ക് ആറു റൺസ് മാത്രമാണ് നേടാനായത്.


മുംബൈ: ഐപിഎൽ ത്രില്ലർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം. മുംബൈ ഇന്ത്യൻസിനെ 12 റൺസിനാണ് തോൽപിച്ചത്. ആർസിബി ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസ് പോരാട്ടം 20 ഓവറിൽ 209 റൺസിൽ അവസാനിച്ചു. 20ാം ഓവറിൽ ജയത്തിന് 19 റൺസ് വേണ്ടിയിരുന്നു മുംബൈക്ക് ക്രുണാൽ പാണ്ഡ്യ എറിഞ്ഞ ഓവറിൽ ആറു റൺസെടുക്കാനേ സാധിച്ചുള്ളൂ.അവസാന ഓവറുകളിൽ തിലക് വർമയും(29 പന്തിൽ 56), ഹാർദിക് പാണ്ഡ്യയും(15 പന്തിൽ 42) നടത്തിയ തകർപ്പൻ ബാറ്റിങ് ആതിഥേയർക്ക് പ്രതീക്ഷ നൽകി.എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരയും പുറത്താക്കി ആർസിബി ബൗളർമാർ മത്സരം തിരികെപിടിക്കുകയായിരുന്നു. ഒടുവില്ർ അവസാന ഓവറിൽ മിച്ചെൽ സാന്റ്‌നറിനേയും(8), ദീപക് ചഹാറിനേയും(0), നമാൻധിറിനേയും(11) പുറത്താക്കി ക്രൂണാൽ പാണ്ഡ്യ സീസണിൽ ആർസിബിക്ക് മൂന്നാം ജയമൊരുക്കി.
നേരത്തെ. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈയുടെ തുടക്കം മികച്ചതായില്ല. മികച്ച ടച്ചിൽ തുടങ്ങിയ രോഹിത് ശർമയെ(17) രണ്ടാം ഓവറിൽ യാഷ് ദയാൽ ക്ലീൻബൗൾഡാക്കി. പിന്നാലെ റിയാൻ റിക്കിൽട്ടനെ (17) ജോസ് ഹേസൽവുഡ് വിക്കറ്റിന് മുന്നിൽകുരുക്കിയതോടെ പവർപ്ലെയിൽ ആതിഥേയർക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. എന്നാൽ മധ്യഓവറുകളിൽ വിൽ ജാക്‌സും(18 പന്തിൽ 22), സൂര്യകുമാർ യാദവിനും(26 പന്തിൽ 28) റൺറേറ്റ് ഉയർത്താനായില്ല. ഇതോടെ റിക്വയേർഡ് റൺറേറ്റ് കുത്തനെ ഉയർന്നു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹാർദിക്-തിലക് വർമ കൂട്ടുകെട്ട് അതിവേഗം റൺസ് കണ്ടെത്തിയതോടെ മുൻ ചാമ്പ്യൻമാർക്ക് പ്രതീക്ഷയുണർന്നു. എന്നാൽ തിലവ് വർമയെ ഫിൽസാൾട്ടിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വർകുമാർ ആർസിബിക്ക് നിർണായക ബ്രേക്ക്ത്രൂ നൽകി. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യകൂടി മടങ്ങിയതോടെ മുംബൈ പോരാട്ടം അവസാനിച്ചു. ബെംഗളൂരുവിനായി ക്രുണാൽ പാണ്ഡ്യ നാലും യാഷ് ദയാലും ഹേസൽവുഡും രണ്ടുവീതം വിക്കറ്റും വീഴ്ത്തി.
മുംബൈ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആർസിബി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസ് അടിച്ചെടുത്തത്. വിരാട് കോഹ്ലിയുടേയും ക്യാപ്റ്റൻ രജത് പടിദാറിന്റെയും അർധ സെഞ്ച്വറിയാണ് സന്ദർശകരെ മികച്ച സ്‌കോറിലെത്തിച്ചത്. വിരാട് കോഹ്ലി (42 പന്തിൽ 67) ടോപ് സ്‌കോററായി. ക്യാപ്റ്റൻ രജത് പടിദാർ(32 പന്തിൽ 64) റൺസുമായും തിളങ്ങി. അവസാന ഓവറുകളിൽ തകർത്തടിച്ച ജിതേഷ് ശർമ( 19 പന്തിൽ 40) പുറത്താകാതെ നിന്നു. ദേവ്ദത്ത് പടിക്കലും(22 പന്തിൽ 37)മികച്ച പിന്തുണ നൽകി. മുംബൈ നിരയിൽ ഒരു ഓവർ മാത്രം എറിഞ്ഞ മലയാളി താരം വിഘ്നേഷ് പുത്തൂർ പത്ത് റൺസ് വഴങ്ങി ദേവ്ദത്ത് പടിക്കലിന്റെ നിർണായക വിക്കറ്റ് വീഴ്ത്തി. ട്രെൻഡ് ബോൾട്ട് രണ്ടു വിക്കറ്റുമായി തിളങ്ങി. പരിക്കിൽ നിന്ന് മോചിതനായെത്തിയ ജസ്പ്രീത് ബുംറ ആതിഥേയർക്കായി മികച്ചരീതിയിൽ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല.
ആദ്യ ഓവറിൽ ഫോമിലുള്ള ഫിൽ സാൾട്ടിനെ(4) ക്ലീൻബൗൾഡാക്കി ട്രെൻഡ് ബോൾട്ട് മുംബൈക്ക് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോഹ്ലി-ദേവ്ദത്ത് സഖ്യം ആർസിബി ഇന്നിങ്സിനെ അതിവേഗം ചലിപ്പിച്ചു. ഇരുവരും ചേർന്ന് തകർത്തടിച്ചതോടെ 73 റൺസാണ് പവർപ്ലെ ഓവറുകളിൽ സ്‌കോർബോർഡിൽ തെളിഞ്ഞത്. ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവറിൽ ഒരു സിക്സർ സഹിതം പത്തുറൺസാണ് ആർസിബി താരങ്ങൾ നേടിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയാണ് വിരാട് ബുംറയെ വരവേറ്റത്.
എന്നാൽ പിന്നീടുള്ള ഓവറുകളിൽ പതിവ് താളം കണ്ടെത്താൻ ഇന്ത്യൻ താരത്തിനായി. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി മുംബൈക്ക് ബ്രേക്ക്ത്രൂ വിക്കറ്റുമായാണ് മലയാളി താരം വിഘ്നേഷ് പുത്തൂർ അവതരിച്ചത്. തകർപ്പൻ ഫോമിൽ ബാറ്റുവീശിയ ദേവ്ദത്ത് പടിക്കലിനെ(37) വിൽജാക്സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാൽ താരത്തിന് രണ്ടാം ഓവർ നൽകാൻ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ തയാറായില്ല. ഹാർദിക് പാണ്ഡ്യ എറിഞ്ഞ 17ാം ഓവറിൽ രണ്ട് ഫോറും സിക്സറും സഹിതം 23 റൺസാണ് ആർസിബി അടിച്ചെടുത്തത്.