പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായി വീണ്ടും ഇൻസമാമുല്‍ ഹഖ്
53 കാരനായ ഇന്‍സമാം ഇതിനുമുന്‍പ് 2016 മുതല്‍ 2019 വരെ പാകിസ്താന്‍ ക്രിക്കറ്റിന്റെ ചീഫ് സെലക്ടറായിരുന്നു.
ലാഹോര്‍: ക്ലാസിക് ബാറ്ററും ഇതിഹാസ താരവുമായ ഇന്‍സമാം ഉള്‍ ഹഖ് പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍. ഇത് രണ്ടാം തവണയാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇന്‍സമാം ഈ സ്ഥാനത്തെത്തുന്നത്. 53 കാരനായ ഇന്‍സമാം ഇതിനുമുന്‍പ് 2016 മുതല്‍ 2019 വരെ പാകിസ്താന്‍ ക്രിക്കറ്റിന്റെ ചീഫ് സെലക്ടറായിരുന്നു.
അദ്ദേഹത്തിന്റെ കീഴില്‍ 2017 ലെ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതിന് പുറമെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താനും പാകിസ്ഥാന് കഴിഞ്ഞിരുന്നു. മുഖ്യ പരിശീലകൻ ഗ്രാന്റ് ബ്രാഡ്ബേൺ, ക്രിക്കറ്റ് ഓപ്പറേഷൻസ് മേധാവി മിക്കി ആർതർ എന്നിവരും സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമാകും. രാജ്യത്തിന്റെ ക്രിക്കറ്റ് ഘടനയെ നവീകരിക്കാൻ പി.സി.ബി ശ്രമിക്കുന്ന സമയത്താണ് ഇൻസമാമിന്റെ നിയമനം വരുന്നത്.
മിസ്ബാ-ഉൾ-ഹഖ് അധ്യക്ഷനായ ക്രിക്കറ്റ് ടെക്‌നിക്കൽ കമ്മിറ്റി (സിടിസി) അംഗമമായി മുഹമ്മദ് ഹഫീസിനൊപ്പം ഇന്‍സമാമിനെ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ്, അതിനു മുന്‍പ് സ്വന്തം നാട്ടിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുകയാകും മുഖ്യ ചുമതല.
പാകിസ്താന് വേണ്ടി 120 ടെസ്റ്റ് കളിച്ച ഇന്‍സമാം 49.60 ശരാശരിയില്‍ 8830 റണ്‍സെടുത്തിട്ടുണ്ട്. 25 സെഞ്ചുറികളും 46 ഫിഫ്റ്റികളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഏകദിനത്തില്‍ പാകിസ്താന് വേണ്ടി 378 മത്സരങ്ങള്‍ കളിച്ച ഇന്‍സമാം 11739 റണ്‍സാണ് അടിച്ചുകൂട്ടിയത്. 10 സെഞ്ചുറിയും 83 അര്‍ധസെഞ്ചുറിയും താരം നേടി.