'മാന്യമായി കളിക്കുക, അല്ലെങ്കിൽ ഗ്രൗണ്ട് വിടുക': യശ്വസിയെ പറഞ്ഞയച്ചതിൽ രഹാനെ
മാന്യമായി കളിക്കണമെന്നും അല്ലാത്ത പക്ഷം പുറത്തുപോകണമെന്നും രഹാനെ പറഞ്ഞു. ദുലീപ് ട്രോഫി ക്രിക്കറ്റിലായിരുന്നു നാടകീയ സംഭവങ്ങൾ.
മുംബൈ: അതിരുവിട്ട സ്ലഡ്ജിങിനെ തുടർന്ന് ടീം അംഗം യശ്വസി ജയ്‌സ്വാളിനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയതിനെ ശരിവെച്ച് നായകൻ അജിങ്ക്യ രഹാനെ. മാന്യമായി കളിക്കണമെന്നും അല്ലാത്ത പക്ഷം പുറത്തുപോകണമെന്നും രഹാനെ പറഞ്ഞു. ദുലീപ് ട്രോഫി ക്രിക്കറ്റിലായിരുന്നു നാടകീയ സംഭവങ്ങൾ.
'നിയമം പിന്തുടരേണ്ടതുണ്ട്. കളിയേയും എതിരാളിയേയും അമ്പയര്‍മാരേയും ബഹുമാനിക്കണം. എതിരാളികളേയും അമ്പയര്‍മാരേയും ഒഫീഷ്യലുകളേയുമെല്ലാം ബഹുമാനിക്കണം എന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. അത് സാധ്യമല്ലെങ്കില്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്ത് പോവുക. അതാണ് എന്റെ രീതി' രഹാനെ വ്യക്തമാക്കുന്നു
രഹാനെ നയിച്ച വെസ്റ്റ്‌സോൺ ടീമും ഹനുമ വിഹാരി നയിച്ച സൗത്ത് സോണും തമ്മിലായിരുന്നു മത്സരം. സൗത്ത് സോണിന്റെ ബാറ്റിങിനിടെയാണ് സംഭവം. മധ്യനിര ബാറ്റർ രവി തേജ ബാറ്റ് ചെയ്യവെ ക്ലോസ് ഫീൽഡറായി നിർത്തിയതായിരുന്നു യശ്വസി ജയ്‌സ്വാളിനെ. എന്നാൽ രവി തേജയെ ജയ്‌സ്വാൾ നിരന്തരം ശല്യം ചെയ്തു. ഇക്കാര്യം രഹാനയുടെ ശ്രദ്ധയിൽപെടുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവെക്കാതെ ജയ്‌സ്വാൾ തന്നെ 'പണി' തുടർന്നു. തുടര്‍ന്ന് ജയ്സ്വാളിനെ അടുത്തേക്ക് വിളിച്ച രഹാനെ താക്കീത് നല്‍കി.
പക്ഷെ ഇതിനിടെ ക്രീസിലുണ്ടായിരുന്ന രവി തേജയ്ക്കു നേരെ ജയ്‌സ്വാള്‍ വിരല്‍ ചൂണ്ടുകയും മോശമായി എന്തോ സംസാരിക്കുകയും ചെയ്തു. തേജയ്ക്കു നേരെ നടന്നടുക്കാന്‍ ശ്രമിച്ച ജയ്‌സ്വാളിനെ രഹാനെ തടഞ്ഞു നിര്‍ത്തുകയും ഗ്രൗണ്ടില്‍ നിന്നും പുറത്തു പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വെസ്റ്റ് സോണിനായി യശസ്വി 263 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. യശസ്വിയുടെ ഇരട്ട ശതകത്തിന്റെ ബലത്തില്‍ 529 റണ്‍സ് ആണ് വെസ്റ്റ് സോണ്‍ കണ്ടെത്തിയത്. പിന്നാലെ സൗത്ത് സോണിനെ 234 റണ്‍സിന് വീഴ്ത്തി വെസ്റ്റ് സോണ്‍ 294 റണ്‍സ് ജയത്തോടെ കിരീടം ചൂടുകയായിരുന്നു.
ക്യാപ്റ്റന്റെ ഉപദേശിനു തെല്ലും വില നല്‍കാതെ മോശമായി പെരുമാറിയ യശസ്വി ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കിയ അജിങ്ക്യ രഹാനെയുടെ തീരുമാനത്തെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പ്രശംസിച്ചിരിക്കുന്നത്.