'ലുങ്കി' ഉടുത്ത് സഞ്ജുവും ടീമും; ബട്‌ലർ അടിപൊളിയെന്ന് റോയൽസ്
പിന്നാലെ, യുസ്വേന്ദ്ര ചെഹൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മയർ, ഡാർയിൽ മിച്ചെൽ എന്നിവരും സഞ്ജുവിനൊപ്പം മുണ്ടുടുത്തു നിൽക്കുന്ന ചിത്രവും എത്തി
മുംബൈ: ഐപിഎല്ലിൽ ഡൽഹിക്കെതിരെ ഉജ്വല വിജയം സ്വന്തമാക്കിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗമായി രാജസ്ഥാൻ റോയൽസ്. ജോസ് ബട്ലർ ക്യാപ്റ്റൻ സഞ്ജു സാംസണൊപ്പം കറുത്ത മുണ്ടുടുത്തു നിൽക്കുന്ന വൈറൽ ചിത്രം 'അടിപൊളി ബട്ലർ ചേട്ടൻ' എന്ന ടാഗ് ലൈനോടെ ക്ലബ് അധികൃതർ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു.
പിന്നാലെ, യുസ്വേന്ദ്ര ചെഹൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മയർ, ഡാർയിൽ മിച്ചെൽ എന്നിവരും സഞ്ജുവിനൊപ്പം മുണ്ടുടുത്തു നിൽക്കുന്ന ചിത്രവും എത്തി. അതിനു മുൻപ് ക്ലബ് അധികൃതർ മറ്റൊരു വിഡിയോയും സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. രവിചന്ദ്രൻ അശ്വിനും ജോസ് ബട്ലറും പരസ്പരം ചോദ്യങ്ങൾ ചോദിക്കുന്ന തരത്തിലാണു വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
രവിചന്ദ്രൻ അശ്വിൻ പഞ്ചാബിൽ കളിച്ചിരുന്ന കാലത്ത് വിവാദ മങ്കാദിങ്ങിലൂടെ ബട്ലറെ പുറത്താക്കിയിരുന്നു. ഇതാണ് ഇരുവരെയും ആദ്യമായി ബന്ധപ്പെടുത്തിയ സംഭവം. പിന്നാലെ ഗ്രൗണ്ടിൽ ഇരു താരങ്ങളും തർക്കത്തിലും ഏർപ്പെട്ടിരുന്നു. രാജസ്ഥാൻ അധികൃതർ പങ്കുവച്ച വിഡിയോയിൽ അശ്വിന്റെ ഒരു ചോദ്യം ഇങ്ങനെ, 'എന്നെപ്പറ്റിയുള്ള താങ്കളുടെ ആദ്യ അഭിപ്രായമെന്ത്'? മങ്കാദിങ് വിവാദം മനസ്സിലേക്ക് ഓടിയെത്തിയതുകൊണ്ടാകണം, ചെറു ചിരിയോടെ ബട്ലർ പറഞ്ഞു 'അക്കാര്യം ഇപ്പോൾ ഇവിടെ പറയാനാകില്ല'.
'കളി നന്നായി നിരീക്ഷിക്കുന്ന, മനസ്സിലാക്കുന്ന ആൾ. ബോളിങ് എങ്ങനെ മെച്ചപ്പെടുത്താം, കൂടുതൽ വ്യത്യസ്തമായ പന്തുകൾ എങ്ങനെ എറിയാം തുടങ്ങിയ കാര്യങ്ങളാകും എപ്പോഴും ആലോചിക്കുക' ബട്ലറുടെ മറുപടി. ഐപിഎല്ലിൽ സിക്‌സർ അടിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ഇംഗ്ലണ്ട് സഹതാരം മോയിൻ അലിയെയാണെന്നും ബട്ലർ പറഞ്ഞു.