'ഞാൻ അഭിനയിക്കുകയായിരുന്നു'; ലോകകപ്പ് ഫൈനലിലെ പരിക്ക് തന്ത്രമെന്ന് വെളിപ്പെടുത്തി പന്ത്

മത്സരത്തിന്റെ ഗതിമാറി ദക്ഷിണാഫ്രിക്ക് അനുകൂലമായ സമയത്താണ് സമയംകളയാൻ ഇത്തരമൊരു തന്ത്രം പ്രയോഗിച്ചത്.

Update: 2024-10-12 10:48 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ന്യൂഡൽഹി: ടി20 ലോകകപ്പ് ഫൈനലിൽ നിർണായക ഘട്ടത്തിൽ ഇന്ത്യ നടത്തിയ തന്ത്രം വെളിപ്പെടുത്തി  രോഹിത് ശർമ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 24 പന്തിൽ 26 റൺസ് എന്ന നിലയിൽ ദക്ഷിണാഫ്രിക്ക അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങവെ ഋഷഭ് പന്ത് കാൽമുട്ടിന് പരിക്കുണ്ടെന്ന് പറഞ്ഞ് ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിച്ചിരുന്നു. തുടർന്ന് അൽപ്പസമയം കളി തടസപ്പെട്ടു. എത്രയും വേഗം ബാറ്റ് ചെയ്യാനായിരുന്നു ക്രീസിലുണ്ടായിരുന്ന എൻറിക് ക്ലാസന്റേയും ഡേവിഡ് മില്ലറിന്റേയും മനസിൽ. എന്നാൽ പന്തിന് പരിക്കേറ്റത് കളിയുടെ ഗതി മാറ്റിയെന്നും അതൊരു തന്ത്രമായിരുന്നെന്നും രോഹിത് പറഞ്ഞിരുന്നു.

 ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത് ശരിയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഋഷഭ് പന്ത്. രോഹിത് പറഞ്ഞത് ശരിയാണെന്നും അത് തന്റെ തന്ത്രമായിരുന്നെന്നും പന്ത് തുറന്നുപറഞ്ഞു. കളിയുടെ വേഗത കുറയ്ക്കുന്നതിന് മനഃപൂർവ്വം താൻ ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. സമയമെടുത്ത് തന്നെ പരിശോധിക്കാൻ താൻ ഫിസിയോയോട് ആവശ്യപ്പെട്ടെന്നും പരിക്ക് വ്യാജമായിരുന്നെന്നും അഭിമുഖത്തിനിടെ വിക്കറ്റ് കീപ്പർ ബാറ്റർ പറഞ്ഞു.

'വളരെ പെട്ടെന്നാണ് മത്സരത്തിന്റെ വേഗത കൂടിയത്. രണ്ടും മൂന്നും ഓവറുകൾക്കുള്ളിൽ ഒരുപാട് റൺസ് വന്നു. സമയം കളയേണ്ടത് അത്യാവശ്യമായിരുന്നു. ഫിസിയോ ഗ്രൗണ്ടിലെത്തി പ്രശ്‌നമുണ്ടോയെന്ന് ചോദിച്ചു. അഭിനയിക്കുകയാണെന്ന് ഞാൻ പറഞ്ഞു. മത്സരത്തിൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ അങ്ങനെ ചെയ്യാം. എന്നാൽ എല്ലാ സാഹചര്യത്തിലും ഇത് പ്രവർത്തിക്കണമെന്നില്ല. അന്ന് ഞാൻ അങ്ങനെ ചെയ്തത് ഞങ്ങൾക്ക് അനുകൂലമായി', പന്ത് വ്യക്തമാക്കി. നേരത്തെ കോമഡി ഷോയിലാണ് രോഹിത് പന്തിന്റെ തന്ത്രത്തെ കുറിച്ച് തുറന്നുപറഞ്ഞത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News