'അതിമനോഹരം'; കോഹ്‍ലിയെ വാഴ്ത്തിപ്പാടി സച്ചിന്‍- അഭിനന്ദന പ്രവാഹം

കോഹ്‍ലിയുടെ ഇന്നിങ്സ് അദ്ധേഹത്തിന്‍റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സാണെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ കുറിച്ചത്

Update: 2022-10-23 14:46 GMT
അതിമനോഹരം; കോഹ്‍ലിയെ വാഴ്ത്തിപ്പാടി സച്ചിന്‍- അഭിനന്ദന പ്രവാഹം
AddThis Website Tools
Advertising

അവസാന ഓവര്‍  വരെ നീണ്ട ആവേശപ്പോരില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ആവേശ ജയം കുറിക്കുമ്പോള്‍ എല്ലാ കണ്ണുകളും നീണ്ടത് വിരാട് കോഹ്ലി എന്ന ഒറ്റയാനിലേക്ക്. ഒരു ഘട്ടത്തില്‍ 31 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് കോഹ്ലി വിജയ തീരമണക്കുകയായിരുന്നു.മെല്‍ബണില്‍   ലോകകപ്പ് ജയിച്ച ആവേശമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ക്ക്. അവസാന പന്തില്‍ മുഹമ്മദ് നവാസിനെ ബൗണ്ടറി കടത്തി ആര്‍ അശ്വിനാണ് ഇന്ത്യയെ വിജയതീരമണച്ചതെങ്കിലും മൈതാനത്തേക്കോടിയിറങ്ങിയ താരങ്ങള്‍ പൊതിഞ്ഞത് ഇന്ത്യയുടെ വീരനായകന്‍ വിരാട് കോഹ്‍ലിയെ. തോല്‍വി മുന്നില്‍ കണ്ട ടീമിനെ സമ്മര്‍ദങ്ങളേതുമില്ലാതെ ഒറ്റക്ക് തോളിലേറ്റി വിജയത്തിലെത്തിച്ച വിരാടിന് തന്നെയാണ് ഈ ആവേശോജ്ജ്വല വിജയത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍. ഇപ്പോള്‍ കോഹ്‍ലിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരങ്ങള്‍. 

കോഹ്‍ലിയുടെ ഇന്നിങ്സ് അദ്ധേഹത്തിന്‍റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സാണെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞത്. പത്തൊമ്പതാം ഓവറില്‍ ഹാരിസ് റഊഫിനെതിരെ ബാക്ക് ഫൂട്ടില്‍ നേടിയ മനോഹര സിക്സര്‍ ഗംഭീരമായിരുന്നുവെന്നും സച്ചിന്‍ കുറിച്ചു. 

അവിശ്വസനീയമെന്നാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചത്.. ഇന്ത്യ പാക് പോരാട്ടങ്ങള്‍ വെരുമൊരു മത്സരം എന്നതിലുപരി അതൊരു വികാരമാണെന്ന് താരം കുറിച്ചു. ഒപ്പം കോഹി‍ലിയെ പ്രശംസിക്കാനും താരം മറന്നില്ല.. 

എവിടെ കാര്യങ്ങള്‍ വലുതാവുന്നോ അവിടെ കോഹ്‍ലി ധീരോദാത്തമായി എഴുന്നേറ്റു നില്‍ക്കുന്നു എന്നാണ് ഹര്‍ഭജന്‍ സിങ് കുറിച്ചത്... 

കളി പതിനെട്ടാം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍129 റണ്‍സായിരുന്നു. രണ്ടോവറില്‍ ജയിക്കാന്‍ 31 റണ്‍സ്. ഹാരിസ് റഊഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ നാല് പന്തില്‍ ഇന്ത്യ നേടിയത് വെറും മൂന്ന് റണ്‍സ്. സമ്മര്‍ദത്തില്‍ വീണു പോയ ഹര്‍ദിക് പാണ്ഡ്യ ബൗണ്ടറി കണ്ടെത്താന്‍ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഹാരിസ് റഊഫെറിഞ്ഞ അവസാന രണ്ട് പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ രണ്ട് പടുകൂറ്റന്‍ സിക്സര്‍ പറത്തി കോഹ്‍ലി ആവേശപ്പോരിന്‍റെ ത്രില്ല് അവസാന ഓവറിലേക്ക് നീട്ടി.

അവസാന ഓവറിലെ ആദ്യ പന്തില്‍ പാണ്ഡ്യ പുറത്തേക്ക്. ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും സമ്മര്‍ദം. തൊട്ടടുത്ത പന്തില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ സിംഗിള്‍. മൂന്നാം പന്തില്‍‌ കോഹ്‍ലി രണ്ട് റണ്‍സ് കുറിച്ചു. നാലാം പന്തില്‍ ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് കോഹ്‍ലിയുടെ മനോഹര സിക്സര്‍. തൊട്ടടുത്ത പന്തില്‍ മൂന്ന് റണ്‍സ്. അഞ്ചാം പന്തില്‍ ദിനേശ് കാര്‍ത്തിക്ക് പുറത്തായെങ്കിലും അവസാന പന്ത് ബൗണ്ടറി കടത്തി അശ്വിന്‍ ഇന്ത്യയെ വിജയതീരമണച്ചു. ഒരു ഘട്ടത്തില്‍ 31 റണ്‍സെടുക്കുന്നതിനിടെ നാല് ബാറ്റര്‍മാരെ നഷ്ടമായ ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചാണ് കോഹ്‍ലി വിജയത്തിലെത്തിച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News