'ഫോമിലുള്ള സർഫറാസിനെ ഇറക്കിയത് എട്ടാമനായി'; ഇന്ത്യൻ ബാറ്റിങ് പരീക്ഷണത്തെ വിമർശിച്ച് മഞ്ചരേക്കർ
രഞ്ജി ട്രോഫിയിൽ ഇതേ പിച്ചിൽ മികച്ച പ്രകടനം നടത്തിയ താരമാണ് സർഫറാസ്
മുംബൈ: മുംബൈ വാംഖഡെയിൽ ന്യൂസിലാൻഡിനെതിരായ അവസാന ടെസ്റ്റിൽ ബാറ്റിങ് ഓർഡറിൽ ഇന്ത്യ വരുത്തിയ മാറ്റങ്ങളെ വിമർശിച്ച് മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ രംഗത്ത്. കിവീസ് ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 235 റൺസ് പിന്തുടർന്ന് ഇറങ്ങിയ ആതിഥേയർ 263ൽ ഓൾഔട്ടായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ സർഫറാസ് പൂജ്യത്തിന് പുറത്തായി. ലെഫ്റ്റ്-റൈറ്റ് ബാറ്റിങ് സഖ്യം നിലനിർത്താനായി ആതിഥേയർ നടത്തിയ പരീക്ഷണം പാളിയെന്ന് മഞ്ചറേക്കർ പറഞ്ഞു.
A guy in form, has 3 fifties in his first 3 Tests, gets 150 in the Bangalore Test, a good player of spin, pushed back in the order to keep left & right combination?? Makes no sense. Sarfraz now walking in at no 8! Poor call by India.
— Sanjay Manjrekar (@sanjaymanjrekar) November 2, 2024
''ഫോമിലുള്ള കളിക്കാരനെ, ആദ്യ മൂന്ന് ടെസ്റ്റുകളിൽ മൂന്ന് അർധ സെഞ്ച്വറി നേടിയ താരത്തെ എട്ടാമനായി കളത്തിലിറക്കാനുള്ള തീരുമാനം ശരിയായില്ല. സ്പിന്നിനെതിരെ മികച്ചരീതിയിൽ കളിക്കുന്ന താരമാണ് സർഫറാസ്. ബെംഗളൂരു ടെസ്റ്റിൽ 150 റൺസ് സ്‌കോർ ചെയ്തു. എന്നിട്ടും മുംബൈ ടെസ്റ്റിൽ ബാറ്റിങിനായി എട്ടാമനായി കളത്തിലിറക്കാനുള്ളത് മോശം തീരുമാനമായിപോയി-മഞ്ചരേക്കർ പറഞ്ഞു.
മുംബൈ സ്വദേശിയായ സർഫറാസ് വാംഖഡെയിലെ പിച്ചിൽ രഞ്ജി ട്രോഫിയിലടക്കം സമീപകാലത്തായി മികച്ച പ്രകടനമാണ് നടത്തിയത്. നേരത്തെ ആദ്യദിനത്തിൽ നൈറ്റ്‌വാച്ച്മാനായി മുഹമ്മദ് സിറാജിനെ ഇറക്കിയ ഇന്ത്യയുടെ തീരുമാനവും പാളിയിരുന്നു. ക്രീസിലെത്തി ആദ്യ പന്തിൽതന്നെ സിറാജ് വിക്കറ്റിന് മുന്നിൽ കുരുങ്ങിയിരുന്നു. തുടർന്ന് ഇടംകൈയ്യൻ ബാറ്റർമാരായ ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ബാറ്റിങിനിറങ്ങിയത്.